കുടുംബശ്രീ സ്‌നേഹവീടുകള്‍ നാളെ കൈമാറും
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന 'സ്‌നേഹവീട് ' പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനം നാളെ വൈകിട്ട് കുന്ദമംഗലം പൊയ്യയില്‍ തദ്ദേശവകുപ്പു മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും.
കുടുംബശ്രീ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു 'കൂട്ടായ്മയിലൊരു കൂടൊരുക്കാം' എന്ന സന്ദേശവുമായി സ്‌നേഹവീട് പദ്ധതിക്കു ജില്ലാ മിഷന്‍ രൂപം നല്‍കിയത്.
ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന അയല്‍കൂട്ട അംഗങ്ങളെ സഹായിക്കാന്‍ സി.ഡി.എസ് തലത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന നാണയത്തുട്ടുകള്‍ ഉപയോഗിച്ചു സ്‌നേഹനിധി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് ജില്ലയില്‍ പദ്ധതി വിപുലമായ രീതിയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ജില്ലാ മിഷന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായാണു ജില്ലയുടെ തനതു പദ്ധതിയെന്ന നിലയില്‍ സ്‌നേഹവീട് പദ്ധതിക്കു രൂപംനല്‍കിയത്.
പ്രാദേശികമായ കൂട്ടായ്മകളിലൂടെ നിരാലംബരായ ആളുകള്‍ക്കു തലചായ്ക്കാനൊരു ഇടം ഉണ്ടാക്കി നല്‍കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജില്ലയില്‍ 32 തദ്ദേശസ്ഥാപനങ്ങളിലായി ഇത്തരത്തില്‍ 37 വീടുകളാണു പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഏകദേശം 550 മുതല്‍ 600 വരെ ചതുരശ്ര അടി വിസ്തൃതിയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവുവരുന്ന വീടുകളാണു പദ്ധതിയില്‍ നിര്‍മിക്കുന്നത്.
അഴിയൂര്‍, കുന്നുമ്മല്‍, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പയ്യോളി, മേപ്പയൂര്‍, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, കൂരാച്ചുണ്ട്, പനങ്ങാട്, ഉള്ളിയേരി, ഉണ്ണിക്കുളം, നന്മണ്ട, കാക്കൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, ചാത്തമംഗലം, പെരുമണ്ണ, പുതുപ്പാടി, തിരുവമ്പാടി, കിഴക്കോത്ത്, മടവൂര്‍, ഒളവണ്ണ, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കോഴിക്കോട് സെന്‍ട്രല്‍, കൊയിലാണ്ടി എന്നീ സി.ഡി.എസുകളാണു പദ്ധതിയില്‍ ആദ്യഘട്ടമായി ഏറ്റെടുത്തത്. ഇതില്‍ മിക്കവയുടേയും പ്രവൃത്തി പുരോഗമിച്ചുവരികയാണ്.
വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി മുഹമ്മദ് ബഷീര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സീന അശോകന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."