മിലോര്‍ഡ് മാസിക്ക് നിയന്ത്രിക്കും
ന്യോന്‍: ഈ മാസം 26ന് കീവിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ സെര്ബിയക്കാരന് റഫറി മിലോര്‍ഡ് മാസിക്ക് നിയന്ത്രിക്കും. റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലാണ് കലാശപ്പോരാട്ടം. മിലോവന്‍ റിസ്റ്റിക്ക്, ഡലിബര് ജെര്ജെവിക്ക് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. ക്ലെമന്റ് ടര്‍പിന്‍ ഫോര്‍ത്ത് ഒഫിഷ്യല്‍.
2009 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന പരിചയസമ്പത്തുള്ള റഫറിയാണ് 45കാരനായ മാസിക്ക്. നടപ്പ് സീസണില്‍ നാല് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളും രണ്ട് യൂറോപ്പ ലീഗ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ചിലി- ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലും 2016ല്‍ റയല്‍ മാഡ്രിഡ്- സെവിയ്യ യുവേഫ സൂപ്പര്‍ കപ്പ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
ഈ മാസം 16ന് അരങ്ങേറുന്ന യൂറോപ്പ ലീഗ് ഫൈനല്‍ പോരാട്ടം ഡച്ചുകാരനായ ജോണ്‍ കുയ്പേഴ്സാണ് നിയന്ത്രിക്കുന്നത്. ഒളിംപിക് മാഴ്സ- അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഫ്രാന്‍സിലെ ലിയോണിലാണ് മത്സരം അരങ്ങേറുന്നത്. നേരത്തെ 2013ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിയും ബെന്‍ഫിക്കയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം നിയന്ത്രിച്ചത് കുയ്പേഴ്സായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."