അധ്യാപക പരിശീലനം രണ്ടാംഘട്ടം ഇന്നുമുതല്‍
കൊണ്ടോട്ടി:സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ പുതുമകളേറെ.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി ടാലന്റ് ലാബ്,ഹരിത വിദ്യാലയം,ജൈവ വൈവിദ്യ ഉദ്യാനം,കളിപ്പങ്ക തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇത് മുന്‍നിര്‍ത്തിയുള്ള എല്‍.പി,യു.പി രണ്ടാ ഘട്ട അധ്യാപക പരിശീലനം ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുളള പരിശീലനം മലപ്പുറം ജില്ലയില്‍ ഒഴികെ ബുധനാഴ്ച ആരംഭിക്കും. മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ചയാണ് പരിശീലന ക്ലാസുകള്‍ തുടങ്ങുക.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ദേശീയ പഠനനേട്ട സര്‍വെ ഫലത്തിന്റെ വെളിച്ചത്തിലാണ് ഈവര്‍ഷത്തെ അവധികാല പരിശീലനം തയാറാക്കിയത്.കുട്ടികളില്‍ വ്യത്യസ്ത അഭിരുചികളുളളവരെ കണ്ടെത്തുന്നതിന് ടാലന്റ് ലാബ് പദ്ധതിയാണ് ഒരുക്കുന്നത്.ഓരോ മേഖലകളിലും വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ടാലന്റ് ലാബില്‍ അംഗങ്ങളാക്കും.
കുട്ടികളുടെ പ്രതിഭ കണ്ടെത്തി പ്രത്യേക ഗ്രൂപ്പുകളാക്കി പരിശീലനം നല്‍കുന്നതാണ് ടാലന്റ് ലാബ് പദ്ധതി. കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനായാണ് കളിപ്പങ്ക പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം ക്ലാസ് മുതല്‍ മൂന്ന് ടേമുകളിലായി മൂന്ന് ദിസം ഓരോ കുട്ടിക്കും ഓരോ ശാസ്ത്ര പരീക്ഷണങ്ങള്‍ ഉള്‍ക്കൊളളുന്ന ശാസ്ത്ര കിറ്റ് രൂപപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല നടത്തും.മലപ്പുറം ജില്ലയിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 14 വിദ്യാലയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ കളിപ്പങ്ക പദ്ധതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ മുഴുവന്‍ സ്‌കൂളുകളിലും ഏറ്റെടുത്ത് നടപ്പാക്കുകയാണ്.
ഹരിത വിദ്യാലയം പദ്ധതിയുടെ ചുവടു പിടിച്ചാണ് ഹരിതോല്‍സവം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ 10 ദിവസത്തില്‍ വിദ്യാലയത്തില്‍ പരിസ്ഥി സംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ടുളള പരിപാടികള്‍ നടത്തും.
ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കുന്ന ഹരിതോല്‍സവം ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തോടെയാണ് സമാപിക്കുക. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ മലയാളം, ഇംഗ്ലീഷ് ഭാഷകളും ഗണിതവും പ്രോത്സാഹിപ്പിക്കുന്ന മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം വിജയം തുടങ്ങിയവയുടെ തുടര്‍ച്ചയുമുണ്ടാകും.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് ആക്കി മാറ്റുന്നതിനാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ.ടി)ക്കും പ്രാധാന്യം നല്‍കും.സര്‍വ ശിക്ഷാ അഭിയാന്‍(എസ്.എസ്.എ)യും കേരള വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."