നീണ്ടകര ഹാര്‍ബറിലെ കൊലപാതകം: തെളിവെടുപ്പും അന്തിമവാദവും പൂര്‍ത്തിയായി
കൊല്ലം: നീണ്ടകര ഹാര്‍ബറിലെ ജീവനക്കാരന്‍ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി അനിലിനെ(38) കഴുത്തറുത്തു ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പും അന്തിമ വാദവും പൂര്‍ത്തിയായി, വിധി ഇന്നു പ്രസ്താവിക്കും.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജനുവരി ഒന്നുമുതലാണു സാക്ഷി വിസ്താരം തുടങ്ങിയത്. മയ്യനാട് സുനാമി ഫ്‌ളാറ്റില്‍ ഹൈദര്‍ ഫാറൂക്ക് (26), കൊല്ലം വടക്കേവിള മക്കാനി കോളനിയില്‍ പ്രിയന്‍ (28), കൊല്ലം പട്ടത്താനം നീതി നഗറില്‍ വിഷ്ണു (25), വടക്കേവിള പണിക്കരു കുളത്തിനു സമീപം വിളയില്‍ വീട്ടില്‍ നഹാസ് (26) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികള്‍
2012 മെയ് ഒന്‍പതിനായിരുന്നു സംഭവം. തങ്കശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അനില്‍ സ്വവര്‍ഗാനുരാഗിയായിരുന്നു. അനിലിന് എച്ച്.ഐ.വി ബാധയുണ്ടെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ കേസിലെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതിനാല്‍ തനിക്കും രോഗം പകര്‍ന്നിരിക്കാമെന്നു തെറ്റിദ്ധരിച്ച ഒന്നാം പ്രതി ഹൈദര്‍ ഫാറുക്ക് രണ്ടും മൂന്നും പ്രതികളായ പ്രിയനും വിഷ്ണുവുമായി ഗൂഢാലോചന നടത്തി അനിലിനെ കൊന്ന് അയാളുടെ
വിലപിടിപ്പുള്ള മുതലുകള്‍ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. നാലാം പ്രതിയായ നഹാസ് വ്യാജ മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ച് അനിലിനെ ഫോണില്‍ വിളിച്ച് അനിലിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയിരുന്നു. സംഭവ ദിവസം രാത്രി
10.30നു അനില്‍ താമസിച്ചിരുന്ന തങ്കശേരിയിലെ കോര്‍ട്ടേഴ്‌സിലെത്തിയ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ പിച്ചാത്തിക്ക് അനിലിന്റെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മുളകുപൊടി വിതറി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു. അനിലിന്റെ ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, കാമറ തുടങ്ങിയവ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ആരുമില്ലാത്തതിനാല്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന്‍
ഭാഗത്തു നിന്നും 36 സാക്ഷികളെ വിസ്തരിക്കുകയും 94 രേഖകളും 45 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തു. പ്രതിഭാഗത്തു നിന്നു മൂന്നു സാക്ഷികളേയും നാലു രേഖകളും ഹാജരാക്കി. കൊല്ലപ്പെട്ട അനിലുമായി ഒന്നു മുതല്‍ മൂന്നുവരെ പ്രതികളെ അവസാനമായി ഒന്നിച്ചു കണ്ട രണ്ടു സാക്ഷികള്‍ വിചാരണക്കിടെ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ സിഗരറ്റ് കുറ്റി പരിശോധനയില്‍ ഒന്നാം പ്രതിയുടേതാണെന്ന് തെളിഞ്ഞതായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് കോടതിയില്‍ മൊഴി നല്‍കി. കൂടാതെ സംഭവസ്ഥലത്തു തളം കെട്ടിനിന്ന രക്തത്തിലെ കാല്‍പാട് കേസിലെ മൂന്നാം പ്രതിയുടേതാണെന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ടെസ്്റ്റര്‍ ഇന്‍സ്‌പെക്ടറും കോടതിയില്‍ മൊഴി നല്‍കി.
കൊല്ലപ്പെട്ട അനിലിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ പ്രതികള്‍ അവസാന മൂന്നു ദിവസങ്ങളില്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചു വിളിച്ച മൊബൈല്‍ ഫോണ്‍ രണ്ടാം പ്രതിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കൃത്യം
നിര്‍വഹിക്കുന്നതിനിടെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് ഉമയനല്ലൂര്‍ ക്ഷേത്ര കുളത്തില്‍ നിന്നും കൊല്ലപ്പെട്ട അനിലിന്റെ മൊബൈല്‍ ഫോണുകള്‍, കാമറ, നെറ്റ്കണക്ടര്‍, ലാപ്പ്‌ടോപ്പ് തുടങ്ങിയവ പ്രതികളില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."