കുന്നുമ്മല്‍ കുടിവെള്ള പദ്ധതി: ജൂണില്‍ കമ്മീഷന്‍ ചെയ്യും
കക്കട്ടില്‍: 32 കോടി രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയ കുന്നുമ്മല്‍ കുടിവെള്ളപദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രിയുടെ ഉറപ്പ്. കമ്മീഷന്‍ ചെയ്യാനുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം മന്ത്രി മാത്യു ടി. തോമസിനെ കണ്ട് നിവേദനം നല്‍കിയതിന്റെ വെളിച്ചത്തിലാണ് നടപടി. കുറ്റ്യാടി, കായക്കൊടി,നരിപ്പറ്റ,വാണിമേല്‍,വളയം,നാദാപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും പലതകരാറുകളും നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്‍ ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇപ്പോഴുള്ള തകരാറുകള്‍ പരിഹരിക്കാന്‍ ഇനിയും പണം അനുവദിക്കേണ്ടി വരും.
ഡിസംബര്‍ 31 ന് മുന്‍പ് കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു അവലോകന യോഗത്തില്‍ മന്ത്രി നേരത്തെ വടകരയില്‍ പറഞ്ഞത്. എന്നാല്‍ കായക്കൊടി പഞ്ചായത്തില്‍ മാത്രമാണ് വെള്ളമെത്തിക്കാനായത്. മറ്റ് പല പഞ്ചായത്തുകളിലും വിതരണ ലൈനുകള്‍ പോലും ശരിയായ രീതിയിലായിരുന്നില്ല. പലയിടത്തും ഇപ്പോഴും സ്ഥിതി അതു പോലെ തന്നെ തുടരുകയാണ്. യഥാ സമയം പരിശോധന നടത്താത്തതാണിതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു മാസത്തിലധികമായി കായക്കൊടിയിലേക്കും പമ്പിങ്ങ് മുടങ്ങിയിരിക്കുകയാണ്.
ഇതിനിടയില്‍ കുറ്റ്യാടി ശുദ്ധീകരണ ശാലയിലെ ട്രാന്‍സ്‌ഫോര്‍മര്‍ കത്തി പോകുകയും ചെയ്തിരുന്നു. ഇതിന് കാരണമെന്തെന്ന് കണ്ടു പിടിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല . കുന്നുമ്മല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാത്തതിനാല്‍ കുറ്റ്യാടി പഞ്ചായത്തിലെ കൊയ്യമ്പാറ പദ്ധതി ഉള്‍പ്പെടെയുള്ളവ അനിശ്ചിതമായി നീളുന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."