പരാതി പ്രളയത്തില്‍ മുങ്ങി കെ.പി.സി.സി ഉപസമിതി: പരസ്പരം പഴിചാരി സ്ഥാനാര്‍ഥികളും നേതാക്കളും
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സംഭവിച്ച പരാജയം വിലയിരുത്തി പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് കെ.പി.സി.സി നിയോഗിച്ചിട്ടുള്ള ഉപസമിതി എറണാകുളത്ത് നടത്തിയ സിറ്റിങ്ങില്‍ പരാതി പ്രളയം. മത്സരിച്ച സ്ഥാനാര്‍ത്ഥികളും നേതാക്കളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്നതില്‍ മത്സരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുതല്‍ താഴെ തട്ടിലുള്ള മണ്ഡലം നേതാക്കള്‍ക്കെതിരെ വരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നേതാക്കള്‍ പരാതിയുമായി എത്തിയത്്. നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ ്പരാതി ഉന്നയിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. സമിതി അംഗത്തിനെതിരെ വരെ ആക്ഷേപം ഉന്നയിച്ചു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചേരിതിരിഞ്ഞുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന സാഹചര്യവും ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന തെളിവെടുപ്പിലുണ്ടായി.
ഭാരതിപുരം ശശി കണ്‍വീനറും എന്‍. വേണുഗോപാല്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവര്‍ അംഗങ്ങളായുമുള്ള ഉപസമിതിക്ക് മുന്നില്‍ നാനൂറോളം പരാതികളാണ് ലഭിച്ചത്. മത്സരിച്ച് പരാജയപ്പെട്ട മുന്‍മന്ത്രിമാരായ കെ.ബാബു, ഡൊമിക് പ്രസന്റേഷന്‍, കെ.പി.സി.സി ജനറല്‍സെക്രട്ടറി കൂടിയായ ജോസഫ് വാഴക്കന്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടികാട്ടി പരാതി നല്‍കി. എന്നാല്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കീഴ്ഘടകങ്ങളുടെ നേതാക്കളും പരാതിയുമായി എത്തിയതോടെ ഇടയ്ക്ക് സംഘര്‍ഷത്തിന്റെ വാക്കോളമെത്തി.
ഗ്രൂപ്പ് തിരിഞ്ഞുള്ള പരാതികള്‍ നല്‍കേണ്ടെന്നും വ്യക്തിപരമായി പറയാനുള്ള പരാതികള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും സമിതി നിര്‍ദേശിച്ചു. വൈപ്പിന്‍, കൊച്ചി മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പരാതി സമിതിക്ക് ലഭിച്ചത്. തോറ്റ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥിയും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും പരസ്പരം പരാതി നല്‍കി. ഉപസമിതിക്ക് മുന്നില്‍ പരാതി നല്‍കിയവര്‍ മാധ്യമങ്ങളിലൂടെ അത് വെളിപ്പെടുത്തിയാല്‍ പരാതി പരിഗണിക്കില്ലെന്നു കണ്‍വീനര്‍ ഭാരതീപുരം ശശി രാവിലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത് ലംഘിച്ച വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ ആര്‍ സുഭാഷിനെതരേ വൈപ്പിനില്‍ നിന്നുള്ള മണ്ഡലം പ്രസിഡണ്ടുമാരും ബ്ലോക്ക് പ്രസിഡണ്ടുമാരും പരാതി നല്‍കി.
കൊച്ചിയില്‍ മത്സരിച്ച ഡൊമിനിക് പ്രെസന്റേഷന്‍ ഏതാനും ഭാരവാഹികള്‍ക്കെതിരേ പരാതി നല്‍കി. ഡൊമിനികിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പരാജയകാരണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ പരാതി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ. ബാബുവിനെതിരെ ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ആര്‍ ശ്രീകുമാരും ഡി.സി.സി സെക്രട്ടറി രാജു പി നായരും പരാതി നല്‍കി.
ചില കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെയും ഡി.സി.സി സെക്രട്ടറി അടക്കമുള്ള ചില ഐ ഗ്രൂപ് നേതാക്കള്‍ക്കെതിരെയും കെ. ബാബു ഉപസമിതിയോട് പരാതിപ്പെട്ടു. സുധീരന്റെ നിലപാടുകളാണ് തന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് ബാബു ഉപസമിതിക്ക് മുന്നിലും ആവര്‍ത്തിച്ചു.
ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വിജയിച്ച ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തും ഉപസമിതിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."