യു.ഡി.എഫ് സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ഉപരോധിച്ചു
തിരുവനന്തപുരം: പൊലിസ് അതിക്രമങ്ങള്‍ക്കും ക്രമസമാധാനത്തകര്‍ച്ചയ്ക്കും കസ്റ്റഡി മരണങ്ങള്ക്കുമെതിരേ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ഉപരോധിച്ച് അറസ്റ്റ് വരിച്ചു. സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ചെന്നിത്തലയും മറ്റു നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു. ശശിതരൂര്‍ എം.പി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, വി.എസ് ശിവകുമാര്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, യു.ഡി.എഫ് നേതാക്കളായ ബീമാപ്പള്ളി റഷീദ്, കരുമം സുന്ദരേശന്, തോന്നക്കല്‍ ജമാല്‍, എം.പി സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊല്ലത്ത് കലക്ടറേറ്റ് ഉപരോധം ആര്.എസ്.പി നേതാവ് എ.എ അസീസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആലപ്പുഴയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂരും കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തൊടുപുഴയില്‍ സി.എം.പി നേതാവ് സി.പി ജോണും എറണാകുളത്ത് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും സമരം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പിക്കറ്റിങിന് നേതൃത്വം നല്കി.
തൃശൂരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എയും പാലക്കാട്ട് കെ. മുരളീധരന് എം.എല്‍.എയും മലപ്പുറത്ത് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും കോഴിക്കോട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വയനാട്ടില്‍ എം.ഡി അപ്പച്ചനും കാസര്‍കോട്ട് അബ്ദുറഹിമാന് രണ്ടത്താണിയും കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ ഹര്‍ത്താലായതിനാല്‍ കലക്ടറേറ്റ് ഉപരോധം മെയ് 14ലേക്ക് മാറ്റിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."