കാസര്‍കോട്ട് പെട്രോള്‍ പമ്പില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ പെട്രോള്‍ പമ്പില്‍ തീപിടുത്തം. തീപിടുത്തം ഉടന്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവമറിഞ്ഞ നഗരത്തിലെ വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ മുള്‍മുനയിലായി.
കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്തെ പെട്രോള്‍ പമ്പിലെ ഓഫിസ് മുറിയിലാണ് ഇന്ന് രാവിലെ ആറരയോടെ തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. രാവിലെ കാവല്ക്കാരന് ഓഫിസ് പരിസരത്ത് എത്തിയപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പമ്പിലെ ജീവനക്കാരനെ വിവരമറിയിച്ചു. ചന്ദ്രന് തീപിടുത്തം ശ്രദ്ധയില്‍പെട്ടതോടെ കാഞ്ഞങ്ങാട്ടെ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുതിച്ചെത്തിയ സേന തീ മറ്റു ഭാഗത്തേക്ക് പടരുന്നത് തടഞ്ഞു. സംഭവത്തില്‍ ഓഫിസ് രേഖകളും, കംപ്യൂട്ടര്‍, സി.സി.ക്യാമറ ഉള്‍പ്പെടെയുള്ള സാധനങ്ങളും അഗ്നിക്കിരയായി. നഗരത്തിലെ ബസ് സ്റ്റാന്റും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഏറെ കാലം പഴക്കമുള്ള ഈ പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നത്. തീ ഓഫിസിന് പുറത്തേക്ക് പടര്‍ന്നിരുന്നുവെങ്കില്‍ തൊട്ടടുത്ത വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ ആളികത്തുകയും കോട്ടച്ചേരി നഗരം മുഴുവനും തീപടരുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നഗരത്തിലെ പ്രധാന പാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഏറെ തിരക്കു പിടിച്ച പമ്പിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ജാഗ്രതയോടെ നില നിന്നതോടെ നഗരത്തില്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവായി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് തീ പടരുന്നത് തടയാനായത്. പമ്പുകളോട് ചേര്‍ന്നാണ് ഭൂമിക്കടിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും ടാങ്കുകള്‍ സ്ഥിതിചെയ്യുന്നത്. ഓഫിസിലെ ഇരുമ്പ് ചെസ്റ്റുകള്‍ തീ പിടുത്തത്തില്‍ വെന്തുരുകിയതോടെ ഇതിനകത്തുണ്ടായിരുന്ന കറന്‍സികള്‍ കത്തിക്കരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."