അപകടഭീഷണി ഉയര്‍ത്തുന്ന തണല്‍മരം മുറിച്ചു മാറ്റണം
കക്കട്ടില്‍: സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപത്തെ പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തണല്‍ മരത്തിലെ പഴം മഴ നനഞ്ഞ നിരത്തില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ചാറ്റല്‍ മഴയില്‍ പഴത്തൊലിയുടെ ദ്രാവകവും ചേര്‍ന്നതോടെ ഇതുവഴി വന്ന ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ തെന്നി വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കുകയായിരുന്നു.
ഗതാഗത സ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ചേലക്കാട്ടു നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ റോഡില്‍ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി ഗതാഗതം പുന:സ്ഥാപിച്ചു.
ലീഡിങ് ഫയര്‍മാന്‍ സനല്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷവും ഇവിടെ അപകടമുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് ഭീഷണിയായ തണല്‍മരം മുറിച്ചു മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനും, വില്ലേജ് ഓഫിസ് അധികൃതരും തഹസില്‍ദാറും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."