ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല
തെഹ്‌റാന്‍: ഒക്ടോബര്‍ ഒന്നിന് രാജ്യത്തെ ഞെട്ടിച്ച് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഒരുമാസത്തോളം കാത്തുനിന്ന ശേഷമാണ് ഇസ്റാഈൽ മിസൈലാക്രമണം നടത്തിയത്. കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയോടെ ഇസ്റാഈല്‍ തങ്ങളുടെ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും പ്രത്യാക്രമണം പേരിനുമാത്രമായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ റഡാര്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകള്‍ പൂര്‍ണമായും വിജയം കണ്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ഇസ്റാഈൽ മിസൈലുകളെ തകര്‍ക്കുന്ന ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇസ്റാഈൽ കണക്കുകൂട്ടിയ ലക്ഷ്യം നേടാനായില്ലെന്ന് വ്യക്തമാവുകയും ചെയ്തു.
വ്യോമാക്രമണത്തിലൂടെ ഇറാന്റെ സായുധ-സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്റാഈല്‍ അവകാശപ്പെടുമ്പോഴും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും നാമമാത്രമായ നാശനഷ്ടമുണ്ടായി എന്നുമാണ് ഇറാന്‍ പ്രതികരിച്ചത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് അന്നുമുതല്‍ ഇസ്റാഈൽ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധ്യവും കാരണം തിരിച്ചടി വൈകുകയായിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിക്കുന്നതും ബഹുമുഖ യുദ്ധങ്ങളെ നേരിടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചണ് ഇസ്റാഈൽ പ്രത്യാക്രമണത്തിന് സാവകാശം തേടിയതെന്ന് നയതന്ത്ര രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
ഒരേസമയം ഗസ്സ, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ അത്യാധുനിക സായുധശേഷിയുള്ള ഇറാനെതിരായ നീക്കം അപകടം ചെയ്യുമെന്ന വിലയിരുത്തല്‍ ഇസ്റാഈലിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു.
മാത്രമല്ല, പ്രത്യാക്രമണം കരുതലോടെ വേണമെന്നും ഇറാന്റെ ആണവനിലയങ്ങളും എണ്ണ സംഭരണികളും ഉള്‍പ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിബന്ധനയും അമേരിക്ക ബെന്യമിന്‍ നെതന്യാഹുവിന് മുന്നില്‍ വച്ചിരുന്നു. എന്നാൽ പ്രത്യാക്രമണം വൈകുന്നത് നെതന്യാഹു സര്‍ക്കാരിന് ആഭ്യന്തരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ആക്രമണം നടത്തുകയായിരുന്നു.
ഇസ്റാഈൽ ആക്രമണത്തെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന്‍ നേരിട്ടത്. തലസ്ഥാന നഗരമായ തെഹ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യയായ ഇലാം, വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസൈസ്താന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ സംവിധാനങ്ങളിലൂടെ സാധിച്ചുവെന്ന് ഇറാന്‍ പ്രതിരോധ വിഭാഗം അവകാശപ്പെട്ടു. ഇസ്റാഈൽ വ്യോമാക്രമണത്തെ നേരിടുന്ന ഇറാന്‍ സൈനിക സംവിധാനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."