ഫുട്‌ബോള്‍ മൈതാനിയിലെ ആക്രമണം കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരേ കേസ്
കൊണ്ടോട്ടി: കാണികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നു ഫുട്‌ബോള്‍ മത്സരം മുടങ്ങിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരേ കൊണ്ടോട്ടി പൊലിസ് കേസെടുത്തു. സംഭവ ദിവസം പൊലിസിനെതിരേയും ആക്രമണമുണ്ടായിരുന്നു. സംഭവം വിശദമായി പരിശോധിച്ചുവരികയാണെന്ന് കൊണ്ടോട്ടി എസ്.ഐ കെ.എ സാബു പറഞ്ഞു.
മൈതാനിയില്‍ റഫറിയെ മര്‍ദിക്കല്‍, കസേരകളും മൈക്ക് സെറ്റുമടക്കം വാഹനത്തില്‍ കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചുവരികയാണ്. അക്രമികള്‍ പോകുന്ന ബൈക്കുകള്‍, കാര്‍, മറ്റു വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്ഥലങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നു നിര്‍ബന്ധമാണ്. കൊണ്ടോട്ടിയില്‍ ഇതു സ്ഥാപിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് നന്മ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാണികള്‍ ഇരച്ചുകയറിയതോടെ കളി മുടങ്ങിയതും ഗ്രൗണ്ടില്‍ അക്രമങ്ങള്‍ അരങ്ങേറിയതും. ഫിഫ മഞ്ചേരിയും മെഡിഗാര്‍ഡ് അരീക്കോടും തമ്മിലുള്ള സെമിഫൈനല്‍ രണ്ടാംപാദ മത്സരത്തിലാണ് കാണികളെ നിയന്ത്രിക്കാനാകാതെ വന്നത്. ഗാലറിയിലേക്കു ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായതോടെ കാണികള്‍ കവാടത്തിലൂടെ ഗ്രൗണ്ടിലേക്കു കയറി. ഇതിനിടെ കളി മുടങ്ങിയതോടെ ഗ്രൗണ്ടിലെ വലിയ ലൈറ്റുകളും ട്യൂബുകളും തകര്‍ത്തു.
കസേര, ഗാലറി, മൈക്ക് സെറ്റ്, ഗോള്‍പോസ്റ്റ് തുടങ്ങിയവ നശിപ്പിച്ചു. കസേരകളുമായി പലരും മുങ്ങി. പൊലിസ് പലതവണ ലാത്തിവീശിയെങ്കിലും കമ്മിറ്റിക്കെതിരേ പ്രതിഷേധിച്ച് കാണികള്‍ മൈതാനം കൈയേറി. പിന്നീട് കൂടുതല്‍ പൊലിസെത്തിയാണ് ആളുകളെ വിരട്ടിയോടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."