വിവാദ ഭൂമി ഇടപാട്: ആലഞ്ചേരിക്കെതിരേ വൈദിക സമിതി വീണ്ടും രംഗത്ത്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വൈദിക സമിതി വീണ്ടും രംഗത്ത്. വൈദിക സമിതി സെക്രട്ടറി ഫാ. വര്‍ഗീസ് മുണ്ടാടന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെഴുതിയ കത്തിന്റെ പകര്‍പ്പ് പുറത്തായി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ യഥാര്‍ഥത്തില്‍ തീര്‍ന്നിട്ടില്ലെന്ന് അങ്ങേയ്ക്ക് നന്നായി അറിയാമല്ലോ എന്നു പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 22, 23 തിയതികളില്‍ ആര്‍ച് ബിഷപ് സൂസെപാക്യം, ബിഷപ് ക്ലിമീസ് എന്നിവരുടെ മധ്യസ്ഥതയില്‍ പെര്‍മെനന്റ് സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ അങ്ങും ഫാ. ജോഷി പുതുവ, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരുമായി വൈദിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുകയും പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പക്ഷേ അന്നു നിര്‍ദേശിക്കപ്പെട്ട പല കാര്യങ്ങളും ഇന്നുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
കൂടാതെ കര്‍ദിനാള്‍ കഴിഞ്ഞ ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടത്തിയ പ്രസംഗത്തിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തതായും കത്തിലുണ്ട്. ഭൂമിയിടപാട് വിഷയത്തിലെ ധാര്‍മിക പ്രശ്‌നത്തിനോ സാമ്പത്തിക ബാധ്യതയക്കോ യാതൊരു പരിഹാരവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വാധീനമുള്ളവരും പണമുള്ളവരും വിജയം തങ്ങളുടേതാക്കാനുള്ള എല്ലാ കുതന്ത്രങ്ങളും ഇതിനിടയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ആത്യന്തികമായി സത്യമേ വിജയിക്കുവെന്ന് തങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു. സത്യത്തിനു വേണ്ടി നിലപാടെടുത്തത് ഒഴിച്ചാല്‍ തങ്ങള്‍ വൈദികര്‍ യാതൊരു വിധ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇതുവരെ വ്യാപൃതരായിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."