ഗ്രാമീണ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; പദ്ധതികള്‍ നോക്കുകുത്തിയാകുന്നു
പെരിങ്ങോട്ടുകുര്‍ശ്ശി: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ കുടിവെള്ളത്തിനായി സ്ഥാപിച്ച ജലനിധി പദ്ധതികള്‍ കടുത്ത വേനലിലും നോക്കുകുത്തിയാവുന്നു. ഗ്രാമീണ മേഖലകളില്‍ കുടിവെള്ളം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതികളാണ് തുള്ളിവെള്ളം പോലും നല്‍കാനാവാതെ മുടങ്ങിക്കിടക്കുന്നത്.
ഓരോ മേഖലകളിലുമുള്ള തടയണകള്‍ക്കു കീഴില്‍ പമ്പ് ഹൗസുകള്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളം പമ്പു ചെയ്യുന്നതാണ് പദ്ധതിയെന്നിരിക്കെ മിക്കയിടത്തും പദ്ധതികള്‍ അവതാളത്തിലാണ്. എന്നാല്‍ വെള്ളം ലഭിക്കുന്നിടത്താകട്ടെ ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണെന്നെതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. എന്നാല്‍ ജലനിധി കണക്ഷനെടുത്തവര്‍ക്ക് വെള്ളം കൃത്യമായ വില ലഭിച്ചില്ലെങ്കിലും അധികൃതര്‍ കൃത്യമായി ബില്‍ അയക്കുന്നുണ്ട്.
ജലനിധിയുടെ ഭാഗമായി വാര്‍ഡുകള്‍ തോറും ഭീജികള്‍ രൂപീകരിച്ച് ഉപഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃ വിഹിതമായി ആയിരങ്ങളാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ പിരിക്കുന്ന തുകയും സര്‍ക്കാര്‍ ഫണ്ടുകളും ചേര്‍ത്താണ് ഗ്രാമീണ മേഖലകളില്‍ ജലനിധി പദ്ധതികള്‍ രൂപീകരിക്കുന്നത്. ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയെ ഒഴിവാക്കി പഞ്ചായത്ത് സ്‌കീം ലെവല്‍ കമ്മിറ്റിയെയാണ് പഞ്ചായത്തും ജലനിധി കരാറുകാരും കൂടി ജലവിതരണത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്.
തുടക്കത്തില്‍ കൊട്ടിഘോഷിച്ചിരുന്ന പദ്ധതികള്‍ മാസങ്ങള്‍ കഴിയുന്നതോടെ അവതാളത്തിലാവുകയാണ് മിക്കയിടത്തും. കൃത്യമായ മീറ്റര്‍ റീഡിങ് നടത്തുന്നതിനാല്‍ പലര്‍ക്കും പലരീതിയിലുള്ള ബില്ലുകളാണ് അധികൃതര്‍ അടക്കാന്‍ പറയുന്നത്. നഗരസഭാ പരിധിയില്‍ മലമ്പുഴ വെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ കണക്ഷനുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതെങ്ങനെ പഞ്ചായത്തുകളിലാണ് ജലനിധി കണക്ഷനുകള്‍ എത്തുന്നത്. മാത്രമല്ല ഉയരങ്ങളിലുള്ള പ്രദേശങ്ങളില്‍ താമിസിക്കുന്നവര്‍ക്ക് കണക്ഷനെടുത്തിട്ടും വെള്ളം കിട്ടാക്കനിയാവുകയാണ്. ചില സമയങ്ങളില്‍ പൈപ്പിലൂടെ വരുന്ന വെള്ളത്തിന് നിറത്തിന് വ്യത്യാസമുള്ളതായും പറയപ്പെടുന്നുണ്ട്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇപ്പോഴും കോടികള്‍ മുടക്കിയ ജലനിധി പദ്ധതികള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. തുടങ്ങി വെച്ചവ പൂര്‍ത്തിയാക്കാനോ അവതാളത്തിലായവ പുനഃസ്ഥാപിക്കാനോ ഭരണകൂടങ്ങള്‍ തയ്യാറാവാത്തതാണ് കത്തുന്ന വേനലിലും ഗ്രാമീണ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."