കനത്തചൂടിന് ആശ്വാസമായി വേനല്‍മഴ
പട്ടാമ്പി: വേനല്‍മഴയില്‍ ഒരാഴ്ചയ്ക്കിടെ പട്ടാമ്പിയില്‍ 83.28 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മെയ് ഒന്നുമുതല്‍ ഇതുവരെ പെയ്ത മഴയുടെ കണക്കാണിത്. മെയ് ഒന്നിനാണ് ഏറ്റവുംകൂടുതല്‍ പെയ്തത്. 41.1 മില്ലീമീറ്റര്‍ മഴയാണ് ഒറ്റദിവസംകൊണ്ട് ലഭിച്ചത്. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴ മുന്‍വര്‍ഷങ്ങളില്‍ കിട്ടിയിരുന്നില്ല. എന്നാല്‍ 2017-ല്‍ മെയില്‍ 190.6 മില്ലീമീറ്റര്‍ വേനല്‍മഴ പട്ടാമ്പിയില്‍ പെയ്തിരുന്നു.
2015-ല്‍ 203.9 മില്ലീമീറ്ററും 2016-ല്‍ 191.7 മില്ലീമീറ്റര്‍ മഴയും പട്ടാമ്പിമേഖലയില്‍ പെയ്തിരുന്നു. ഇനിയും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. അങ്ങനെയെങ്കില്‍ മഴയുടെ അളവ് ഇനിയും ഉയരും. ഇക്കുറി വേനല്‍മഴയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ വ്യത്യാസം വേനല്‍മഴയിലുണ്ട്.
ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ മഴയുടെ കണക്കിലാണ് വ്യത്യാസമുള്ളത്. ഫെബ്രുവരിയില്‍ 48.3ഉം മാര്‍ച്ചില്‍ 68.4ഉം ഏപ്രിലില്‍ 48ഉം മില്ലീമീറ്റര്‍ മഴ പട്ടാമ്പിമേഖലയില്‍ പെയ്തിട്ടുണ്ട്. 2017 ഫെബ്രുവരിയില്‍ മഴ ലഭിച്ചിട്ടില്ല. മാര്‍ച്ചില്‍ 42.3ഉം ഏപ്രിലില്‍ 13.5 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. വേനല്‍മഴ പെയ്യുന്നതിന്റെ അളവ് കൂടിയതോടെ മേഖലയില്‍ ജലക്ഷാമത്തിന് കാര്യമായ വ്യത്യാസമുണ്ട്. മഴ കൂടുതല്‍ ലഭിച്ചതോടെ ഭാരതപ്പുഴയിലെ കുടിവെള്ളപദ്ധതികള്‍ക്ക് സമീപം ജലം നിറഞ്ഞാണ് കിടക്കുന്നത്.
ഇക്കുറി വേനലില്‍ വലിയ ജലക്ഷാമമില്ലാതെ കടന്നുപോയേക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മഴ അടുപ്പിച്ച് പെയ്തതോടെ ചൂടിനും കുറവുണ്ട്. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ 40 ഡിഗ്രിക്കടുത്ത് ചൂടനുഭവപ്പെടാറുണ്ട്. എന്നാല്‍, കുറച്ചുദിവസങ്ങളായി വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചത്തെ കൂടിയ ചൂട് 33.5 ഡിഗ്രിയും കുറഞ്ഞ ചൂട് 21.6 ഡിഗ്രി സെല്‍ഷ്യസ്സുമാണ്. വേനല്‍ക്കാല പച്ചക്കറിക്കൃഷിക്കും അനുകൂലം വേനല്‍മഴ പലേടത്തും പച്ചക്കറിക്കൃഷിക്കും സഹായകമായി. ഏപ്രില്‍ ആദ്യവാരത്തില്‍ പച്ചക്കറിയിറക്കിയ കര്‍ഷകര്‍ക്ക് മഴ തുണയായിട്ടുണ്ട്. ജലസേചനം നടത്തേണ്ട സമയത്താണ് മഴപെയ്തത്. അകലെനിന്നും മറ്റും വെള്ളംകൊണ്ടുവന്ന് ജലസേചനം നടത്തുന്ന ബുദ്ധിമുട്ടും ഒരുപരിധിവരെ ഒഴിവായി. ഒന്നാംവിള പാടശേഖരങ്ങള്‍ ഒരുക്കാനും മഴ സഹായകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."