സ്വാപ് ഷോപ്പ് മത്സരം: വൈക്കത്തിന് ഒന്നാം സ്ഥാനം
കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ക്കായി മാര്‍ച്ച് ഒന്‍പത്, പത്ത് തിയതികളില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് മത്സരത്തില്‍ വൈക്കം മുനിസിപ്പാലിറ്റി ഒന്നാംസ്ഥാനം നേടി.
കോട്ടയം മുനിസിപ്പാലിറ്റി രണ്ടാമതും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയില്‍ ആദ്യാമായണ് ഇത്തരത്തിലുള്ള സ്വാപ്പ് ഷോപ്പ് മത്സരം സംഘടിപ്പിച്ചതെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു.
ആവശ്യമില്ലാത്ത പുനരുപയോഗക്ഷമമായ വസ്തുക്കളും ഉല്‍പ്പന്നങ്ങളും പൊതു സംവിധാനത്തിലൂടെ ആവശ്യമുള്ള മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ എത്തിക്കുക എന്നതാണ് സ്വാപ്പ് ഷോപ്പുകളുടെ ലക്ഷ്യം. കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുട, മേശ, കസേര, മെത്ത, തലയിണ, ടി.വി, മിക്‌സി, ഇസ്തരിപ്പെട്ടി, മൊബൈലുകള്‍, കംപ്യൂട്ടറുകള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയവയാണ് സ്വാപ് ഷോപ്പുകളിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കിയത്.
പാവപ്പെട്ടവര്‍ക്ക് വളരെയേറെ ഗുണപ്രദമായ സംരംഭമാണ് സ്വാപ് ഷോപ്പ് എന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്വാപ് ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈക്കം, പാലാ, കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വാപ് ഷോപ്പുകള്‍ ആഴ്ചയിലൊരിക്കല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അഭിനന്ദനീയമാണ്. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളെയും കലക്ടര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."