കാലിക്കറ്റ് ടൈല്‍ കമ്പനി നാളെ മുതല്‍ വീണ്ടും തുറക്കും
ഫറോക്ക്: അടച്ചുപൂട്ടിയ ചെറുവണ്ണൂരിലെ കാലിക്കറ്റ് ഓട്ട് കമ്പനി നാളെ മുതല്‍ വീണ്ടും തുറക്കും. തൊഴിലാളി പ്രതിനിധികളും മാനേജ്‌മെന്റും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് കമ്പനി തുറക്കാന്‍ തിരുമാനമായത്. 21ന് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചു. ധാരണ പ്രകാരം ഇന്ന് റീജ്യനല്‍ ജോയിന്റ് കമ്മിഷണര്‍ മുന്‍പാകെ ഇരുവിഭാഗവും ധാരണാപത്രത്തില്‍ ഒപ്പ്‌വയ്ക്കും.
ഫെബ്രുവരി 19നാണ് കളിമണ്‍ വിഷയത്തെ ചൊല്ലി സംസ്ഥാനത്തെ ആദ്യ സ്വകാര്യമേഖലയിലെ ഓട്ടുക്കമ്പനിയായ കാലിക്കറ്റ് ടൈല്‍ അടച്ചുപൂട്ടിയത്. ഇരുനൂറില്‍പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നിന് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ച തിരുമാനമാകാതെ പിരിഞ്ഞിരുന്നു. കളിമണ്‍ കിട്ടുന്ന മുറയ്ക്ക് കമ്പനി തുറക്കാമെന്ന വാദത്തില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതാണ് തിരുമാനമാകാതെ പിരിയാന്‍ കാരണം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് നിക്കാംപറമ്പത്ത് രത്‌നാകരന്‍, പി. സുബ്രഹ്മണ്യന്‍ നായര്‍, ശശിധരന്‍ നാരങ്ങയില്‍, ഒ. ഭക്തവത്സലന്‍, ഇളയിടത്ത് ദിനേശന്‍, കെ. പ്രവീണ്‍ കുമാര്‍, പി. അഹമ്മദ്കുട്ടി, പി. പീതാംബരന്‍, തോട്ടോളി ദിവാകരന്‍, കമ്പനി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."