യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് റിമാന്‍ഡില്‍
കൊച്ചി: ഭാര്യയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പുന്നപ്ര വടക്കേ ചേന്നാത്ത് പറമ്പില്‍ സജീറിനെ(32)യാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യ സുമയ്യയെ(27) ബുധനാഴ്ച വൈകിട്ടാണ് പാലാരിവട്ടം സ്നേഹ ലേഡീസ് ഹോസ്റ്റലിന് സമീപത്തെ ഇടറോഡില്‍ വച്ച് പ്രതി കുത്തിവീഴ്ത്തിയത്. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി നോക്കുകയായിരുന്നു സുമയ്യ.
ഓട്ടോ ഡ്രൈവറായ ഇയാള്‍ ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴയില്‍ നിന്നു കൊച്ചിയില്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പാലാരിവട്ടത്തെത്തി സുമയ്യയുമായി സംസാരിച്ചു.
കുടുംബകോടതിയില്‍ നല്കിയ വിവാഹമോചന കേസ് പിന്‍വലിക്കണമെന്നും ഒപ്പം വന്നു താമസിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്നാണു ഭാര്യയെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.
സുമയ്യക്ക് മറ്റൊരാളുമായി ബന്ധമുള്ളതായും ഇയാള്‍ മൊഴി നല്‍കിയതായി പൊലിസ് വെളിപ്പെടുത്തി. മൊബൈല്‍ ഫോണില്‍ കാമുകനുമായി ഭാര്യ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുമയ്യ പിണങ്ങി പോയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന സജീറിന്റെ മര്‍ദനം സഹിക്കാതെയാണു മാറി താമസിച്ചതെന്നാണ് സുമയ്യയുടെ ബന്ധുക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."