ഇനിയും ദ്രോഹിച്ചാല്‍ സ്വന്തമായി ആശുപത്രി തുടങ്ങും: ഡോ.കഫീല്‍ഖാന്‍
ന്യൂഡല്‍ഹി:ഇനിയും ബുദ്ധിമുട്ടിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെങ്കില്‍ സ്വന്തമായി ആശുപത്രി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡോ.കഫീല്‍ഖാന്‍.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60ഓളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പീഡനത്തിനിരയായ ഡോക്ടറാണ് കഫീല്‍ഖാന്‍. സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. നിസ്വാര്‍ത്ഥമായ സേവനമാണ് താന്‍ ലക്ഷ്യം വച്ചിരുന്നത്. ഇനിയും ആക്രമിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെങ്കില്‍ സ്വന്തമായി ആശുപത്രി തുടങ്ങും. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നു. തന്റെ ഒപ്പം നില്‍ക്കാന്‍ സര്‍ക്കാരും ആശുപത്രി അധികൃതരും കൂട്ടാക്കിയില്ല. ഓരോ കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ് അവസാന നിമിഷം വരെ ശ്രമിച്ചത്.
എല്ലാവരും ശത്രുക്കളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. താന്‍ അടക്കമുള്ളവരെ തിരിച്ചെടുത്തില്ലെങ്കില്‍ സ്വന്തമായി ആശുപത്രി ആരംഭിക്കും. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ലോകത്തിന്റെയും രാജ്യത്തിന്റെയും പല ഭാഗങ്ങളില്‍ നിന്നും ഫോണ്‍ വിളികള്‍ വരുന്നുണ്ട്. എന്നാല്‍ ഗൊരഖ്പൂര്‍ വിട്ടുപോകാന്‍ താന്‍ തയ്യാറല്ല.
മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഗൊരഖ്പൂരില്‍ സ്വന്തമായി ആശുപത്രി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സ സൗജന്യമായിരിക്കും. ആശുപത്രിയില്‍ മരുന്നുകള്‍ക്കു ക്ഷാമമുണ്ടാകില്ലെന്നും കഫീല്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ആശുപത്രികളെ കണ്ടു പഠിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഗൊരഖ്പൂരില്‍ ആകെയുള്ളത് ഒരു മെഡിക്കല്‍ കോളജാണ്.
രണ്ടു കോടിയോളം ആളുകളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. കേരളത്തിലെ ആരോഗ്യരംഗം ഏറെ മുന്നിലാണെന്ന് തനിക്ക് നന്നായറിയാമെന്നും കഫീല്‍ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."