ജില്ലയില്‍ ആദിവാസി കോളനികളുടെ സമഗ്രവികസനത്തിനായി നടപ്പാക്കിയത് 14 കോടിയുടെ പദ്ധതികള്‍
അരീക്കോട്: ജില്ലയിലെ ആദിവാസികളുടെ സമഗ്ര വികസനത്തിനായി 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയത് 14 കോടിയുടെ പദ്ധതികള്‍. ഭവനനിര്‍മാണം, കൈതാങ്ങ്, ജനി ജന്മരക്ഷ, ഗോത്രസാരഥി, പഠനമുറികള്‍, ചികില്‍സാ ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഒരുവര്‍ഷത്തിനിടെ നടപ്പിലാക്കിയത്. എന്നാല്‍ സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന 2016- 17 വര്‍ഷത്തില്‍ നൂറോളം വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നെങ്കിലും ഈ വര്‍ഷം ഒരു വീട് പോലും ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. ലൈഫ്മിഷന്‍ പദ്ധതി പാളിയതാണ് ആദിവാസി ഭവനിര്‍മാണ പദ്ധതികള്‍ അവതാളത്തിലാകാന്‍ കാരണം. ഭൂരഹിത-ഭവനരഹിതരായ 500 ആദിവാസി കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതിനായി പദ്ധതി ഒരുക്കിയെങ്കിലും നടപ്പിലാക്കാനായില്ല.
എന്നാല്‍ നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ 275 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ആദിവാസികള്‍ക്ക് ആശ്വാസമായി. 295 വീടുകള്‍ കൂടി ജൂണ്‍ ആദ്യവാരത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ഐ.ടി.ഡി.പി ഓഫിസില്‍നിന്നു അറിയിച്ചു. പുനരുദ്ധാരണത്തിനും അധികമുറികള്‍ക്കുമായി 12 വര്‍ഷം പഴക്കമുള്ള വീടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം നല്‍കിയിട്ടുണ്ട്.
ജനനി ജന്മരക്ഷ പദ്ധതിയിലൂടെ 2016 - 17 സാമ്പത്തിക വര്‍ഷത്തില്‍ 500 ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം മുതല്‍ കുട്ടിക്ക് ഒരു വയസ് ആകുന്നതുവരെ പ്രതിമാസം 1000 രൂപവീതം വിതരണം ചെയ്തിരുന്നെങ്കിലും ഈ വര്‍ഷം 170 ഗര്‍ഭിണികള്‍ക്ക് മാത്രമാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 5000 രൂപവീതം 30 ലക്ഷം ചെലവഴിച്ചു. പദ്ധതിപ്രകാരം അരിവാള്‍ രോഗം ബാധിച്ച 32 പേര്‍ക്കായി പ്രതിമാസം 2500 രൂപയാണ് കഴിഞ്ഞവര്‍ഷംവിതരണം ചെയ്തത്.
അനാഥരായ ആദിവാസി കുട്ടികളുടെ സംരക്ഷണത്തിനായി 27 പേര്‍ക്കാണ് കൈതാങ്ങ് പദ്ധതിയിലൂടെ മാസം 1000 രൂപ വീതം ഒരുവര്‍ഷമായി ധനസഹായം നല്‍കിയത്.
വാഹന സൗകര്യമില്ലാത്ത മലയോര-കാന പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ഗോത്രസാരഥി പദ്ധതിയും നടപ്പിലാക്കി. 16 സ്‌കൂളുകളില്‍ നിന്നായി 346 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ വിദ്യാഭ്യാസം നേടാനായി. ഇതിനായി 14,57,600 രൂപയാണ് ചെലവഴിച്ചത്.
വിദ്യാര്‍ഥികള്‍ക്കായി വിവിധ പഞ്ചായത്തുകളിലെ ഏഴ് ഇടങ്ങളില്‍ കമ്മ്യൂനിറ്റി പഠനമുറികള്‍ ഒരുക്കി. നെടുങ്കയം, അപ്പന്‍ക്കാപ്പില്‍, മലച്ചികോളനി, ചോക്കാട്, പാട്ടക്കരിമ്പ്, പെരിമ്പാടം, പള്ളികുത്ത് എന്നിവിടങ്ങളിലാണ് പഠനമുറികള്‍ നിര്‍മിച്ചത്. 49 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
ഒന്‍പത്, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ബുക്ക് അലവന്‍സ്, സ്‌റ്റൈപ്പന്‍ഡ് വിതരണം, ട്യൂട്ടോറിയല്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂര്‍ണമായും വിനിയോഗിച്ചതും ആദിവാസി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് തുണയായി. ഒരുലക്ഷം രൂപ വീതം 20 പേര്‍ക്ക് വിവാഹധനസഹായവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."