കേബിള്‍ വലയില്‍ കുടുങ്ങിയ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം
കാലടി: അയ്യമ്പുഴ കണ്ണിമംഗലം പ്രദേശത്ത് കഴിഞ്ഞ കുറെ മാസങ്ങളായി ഭീതി വിതച്ച് നടന്നിരുന്ന പുലിയെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് പിടികൂടി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കേബിള്‍ വലയില്‍ കുടുങ്ങി അവശനിലയിലായ പുലിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് വലയില്‍ നിന്ന് നീക്കം ചെയ്തങ്കിലും കുറച്ച് സമയത്തിന് ശേഷം ജീവന്‍ വെടിയുകയായിരുന്നു.
വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ കൃഷിയിടങ്ങളില്‍ വന്യ മൃഗങ്ങളുടെ ശല്ല്യം രൂക്ഷമാണ്. ഇതിന് ഒരു പരിധിവരെയുള്ള പരിഹാരം കാണുന്നതിനാണ് നാട്ടുകാര്‍ സ്വന്തം നിലക്ക് വല സ്ഥാപിച്ച് മൃഗങ്ങളെ തടയുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ വളര്‍ത്ത് മൃഗങ്ങളെ കാണാതാവുകയും ഇതിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തായി കാണപ്പെടുന്നതും പതിവായിരുന്നു.
ഈ സമയങ്ങളിലെല്ലാം അധികൃതരോട് ഇതിനെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നെന്നും എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്ന് വന്യ മൃഗങ്ങളുടെ ശല്ല്യം തടയാന്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലന്നും നാട്ടുകാര്‍ പറയുന്നു. വ്യാഴം പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് പുലി വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ തൊഴിലാളികള്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പുലിയെ മോചിപ്പിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം പുലി ചത്തു.
അഞ്ച് വയസ്സിലധികം പ്രായം വരുന്ന പുള്ളിപുലിക്ക് അരക്ക് താഴെ ഉണ്ടായ പരിക്കും നിര്‍ജ്ജലീകരണവുമാണ് മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തലെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയുവെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയുടെ മരണത്തെ തുടര്‍ന്ന് കേബിള്‍ വല സ്ഥാപിച്ചിരുന്ന സ്ഥലം ഉടമക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."