പരിഷ്‌കരിച്ച ലാത്തിപ്രയോഗം; പൊലിസുകാര്‍ക്ക് പരിശീലനം തുടങ്ങി
തിരുവനന്തപുരം: പരിഷ്‌കരിച്ച ലാത്തിപ്രയോഗത്തില്‍ പൊലിസുകാര്‍ക്ക് പരിശീലനം തുടങ്ങി. ലാത്തികൊണ്ട് തലയിലോ നെഞ്ചിലോ അരക്കെട്ടിലോ അടിക്കാന്‍ പാടില്ല. പകരം എവിടെ അടിക്കണമെന്നാണ് പൊലിസ് ട്രെയ്‌നിങ് കോളജില്‍വച്ച് പരിശീലനം നല്‍കുന്നത്.
അക്രമാസക്തരായ സമരക്കാരെ അടിക്കുമ്പോള്‍ മര്‍മസ്ഥാനം ഒഴിവാക്കി ലാത്തി എങ്ങനെ ഉപയോഗിക്കാമെന്നാണ് പരിശീലനം നല്‍കുന്നത്. മുഴുവന്‍ പൊലിസുകാര്‍ക്കും പരിശീലനം നല്‍കും. ബറ്റാലിയനിലെ പൊലിസുകാര്‍ക്കും മറ്റും പുതിയ രീതിയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.
പൊലിസ് മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡി.ഐ.ജിയും പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലുമായ കെ. സേതുരാമനാണ് ലാത്തി ഡ്രില്‍ പരിഷ്‌കരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്ന രീതിയിലുള്ള പരിശീലനമാണ് നേരത്തേ നല്‍കിയിരുന്നത്. ഒഴിച്ചുകൂടാനാകാത്ത സമയങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഈ രീതി തോന്നുംപോലെയാണ് പൊലിസ് ഉപയോഗിക്കുന്നത്. ഇതോടെയാണ് ലാത്തി ഡ്രില്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് സി.ആര്‍.പി.എഫ്, യൂറോപ്യന്‍ പൊലിസ്, കൊറിയന്‍ പൊലിസ് എന്നിവരുടെ ലാത്തി ഡ്രില്ലും മറ്റും വിശദമായി പഠിച്ചാണ് സേതുരാമന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചത്.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഡ്രില്‍ രീതിയാണ് സേതുരാമന്‍ ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ട് പരിശോധിച്ച ബെഹ്‌റ ഇതില്‍ പരിശീലനം നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ലാത്തി ഡ്രില്ലിനൊപ്പം മോബ് ഓപറേഷനും പരിഷ്‌കരിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഏറ്റവും കുറച്ച് ബലം പ്രയോഗിക്കണം. ഷീല്‍ഡും ഹെല്‍മെറ്റും ഉപയോഗിച്ചാണ് ഈ രീതി നടപ്പാക്കേണ്ടത്. കൂടാതെ പൊലിസിന്റെ ഡ്രില്ലിനും മാറ്റംവരുത്തിയിട്ടുണ്ട്. ലാത്തിയേന്തിയ പൊലിസുകാര്‍ മുന്നില്‍ അണിനിരക്കും. കൂടാതെ അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയുന്നതിനായി പ്രത്യേക ഡ്രില്ലും രൂപപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."