അസുഖത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ബഷീര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമാം: സഊദിയില്‍ ജോലിക്കെത്തി രോഗങ്ങള്‍ കീഴടക്കി ജീവിതം വഴിമുട്ടിയ മലയാളി നാട്ടിലേയ്ക്ക് മടങ്ങി. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ ബഷീറിനാണ് രോഗം മൂലം ദുരിതം അനുഭവിയ്‌ക്കേണ്ടി വന്നത്. ദീര്‍ഘകാലമായി ദമാമില്‍ ഡ്രൈവര്‍ ജോലി ചെയ്തുവന്ന ബഷീറിന്റെ ജീവിതത്തില്‍ ആദ്യദുരന്തം എത്തിയത് ഹൃദ്രോഗത്തിന്റെ രൂപത്തിലായിരുന്നു. ഹൃദയാഘാതം മൂലം താമസസ്ഥലത്ത് കുഴഞ്ഞുവീണ ബഷീറിനെ സുഹൃത്തുക്കള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചു.
ബ്ലോക്ക് ഉണ്ടായിട്ടുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് അടിയന്തരചികിത്സ നടത്തുകയും തുടര്‍ന്ന് ഏറെക്കാലം ബഷീറിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇതിനിടെ മരുന്നുകളുടെ പാര്‍ശ്വഫലം കൊണ്ട് നേരത്തെ ഉണ്ടായിരുന്ന സോറിയാസിസ് അസുഖം വീണ്ടും വരുകയും, ദേഹത്ത് മുറിവുകള്‍ ഉണ്ടായി തൊലി അടര്‍ന്നു പോകുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. കൂടുതല്‍ ചികിത്സയ്ക്കും പരിചരണത്തിനുമായി നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ കുറവായതിനാല്‍ ഇരുപത്തിഅയ്യായിരം റിയാല്‍ ആശുപത്രി ബില്ല് അടച്ചാലേ ആശുപത്രി വിടാന്‍ കഴിയുമായിരുന്നുള്ളൂ.
ആശുപത്രിയില്‍ കഴിയുന്ന ഓരോ ദിവസവും ചികിത്സബില്ലിലെ തുക കൂടുകയും ചെയ്തതോടെ ബഷീര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
ഇതോടെ, കുടുംബം ദുരിതത്തിലായതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ സ്‌കൂള്‍ കഴിഞ്ഞുള്ള സമയം കൂലിപ്പണിയ്ക്ക് പോകുകയായിരുന്നു. മകന്‍ കൊണ്ടുവരുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ബഷീറിന്റെ ചികിത്സ ഏറ്റെടുത്ത നവയുഗം സാംസ്‌കാരിക വേദി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും, പണം അടയ്ക്കാമെന്ന ജാമ്യത്തില്‍ ബഷീറിനെ ആശുപത്രിയില്‍ നിന്നും താമസസ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
പണം സ്വരൂപിച്ചെങ്കിലും തികയാകാതെ വന്നപ്പോള്‍ ഒടുവില്‍ 'ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്' പ്രവാസി കൂട്ടായ്മ, ബാക്കി തുക നല്‍കിയതിനാലാണ് ആശുപത്രി ബില്‍ അടക്കാനായത്. ഏവരുടെയും സഹായത്താല്‍ നാട്ടിലേക്ക് പോയെങ്കിലും തുടര്‍ചികിത്സയും, പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥയും ബഷീറിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."