അഞ്ചാം ദിവസവും അറസ്റ്റില്ല; മാഹി ഇരട്ടക്കൊല അന്വേഷണം ഇഴയുന്നു
കണ്ണൂര്‍: കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ മാഹി പള്ളൂരിലും ന്യൂമാഹിയിലും നടന്ന അരുംകൊലകളില്‍ പൊലിസ് അന്വേഷണം ഇഴയുന്നു. കൊലപാതകങ്ങള്‍ നടന്ന് അഞ്ചു ദിവസങ്ങള്‍ പൂര്‍ത്തിയായിട്ടും രണ്ടിലും പ്രതിയായ ഒരാളെ പോലും പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം തലശ്ശേരിയിലും മാഹിയിലും സന്ദര്‍ശനം നടത്തിയ പുതുച്ചേരി ഡി.ജി.പി കൊലപാതകികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷം മുങ്ങിയ പ്രതികളെ പിടികൂടാന്‍ മാഹി പൊലിസിനും കേരള പൊലിസിനും കഴിയാത്തതില്‍ പ്രദേശത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. കൊലപാതകങ്ങള്‍ നടന്ന പ്രദേശത്തെ നിരീക്ഷണ കാമറകളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരായ പുതുച്ചേരി എ.എസ്.പി അപൂര്‍വ ഗുപ്തയും തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണും സി.ഐ കെ.ഇ പ്രേമചന്ദ്രനും തലശ്ശേരിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണ പുരോഗതികള്‍ വിലയിരുത്തിയ ഇരുസംഘവും ലഭ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറി. സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ വധിച്ചത് പള്ളൂരിലാണെങ്കിലും അതിനായി പ്രതികള്‍ എത്തിയതു കണ്ണൂരില്‍ നിന്നാണെന്നു പൊലിസിന് വ്യക്തമായതായാണ് സൂചന. സമാനമായ രീതിയിലാണ് ഷമേജിനെയും വധിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്. കേരള അതിര്‍ത്തിക്കുള്ളില്‍ കൊല്ലപ്പെട്ട ഷമേജിനെ മാഹി മേഖലയില്‍ നിന്നെത്തിയ അക്രമികളാണ് വധിച്ചതെന്നാണ് സൂചന.
ഇരുസംഭവങ്ങളിലും ഉള്‍പ്പെട്ട പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടാനും അതിനായി റെയ്ഡ് നടത്താനും രണ്ടു സംസ്ഥാനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി ആവശ്യമാണ്. മാത്രമല്ല പുതുച്ചേരി പൊലിസില്‍ വിശ്വാസമില്ലെന്ന് സി.പി.എമ്മും കേരള പൊലിസില്‍ വിശ്വാസമില്ലെന്നു ബി.ജെ.പിയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ ബി.ജെ.പി നോമിനി ആണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മാഹി സി.ഐ ആര്‍. ഷണ്‍മുഖം സംഘ്പരിവാര്‍ പക്ഷപാതിയാണെന്നും സി.പി.എം ആരോപിച്ചിരുന്നു.
തുടര്‍ന്ന് മാഹി സി.ഐയെ മാറ്റിയ പുതുച്ചേരി ആഭ്യന്തര വകുപ്പ് പകരം അറിവുസെല്‍വം എന്ന ഇന്‍സ്‌പെക്ടറെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലിസ് യഥാര്‍ഥ പ്രതികളെ പിടികൂടില്ലെന്നാണ് ബി.ജെ.പിയും ആരോപിക്കുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."