തിയറ്ററില്‍ ബാലികയ്ക്ക് പീഡനം: പ്രതി പിടിയില്‍
മലപ്പുറം: ബാലികയെ സിനിമ തിയറ്ററില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് പിടികൂടി. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് അറസ്റ്റിലായത്. മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. എടപ്പാളിലെ ഒരു സിനിമാ ശാലയില്‍ ആഡംബര വാഹനത്തിലെത്തിയ ഇയാള്‍ പത്ത് വയസുപോലും പ്രായം തോന്നാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. തിയറ്ററില്‍ കുട്ടിക്കൊപ്പം അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെയും ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സി.സി. ടി.വിയിലുണ്ട്. കെ.എല്‍ 46 ജി 240 ആഡംബര കാറിലാണ് സ്ത്രീക്കും പെണ്‍കുട്ടിക്കും ഒപ്പം ഇയാള്‍ തിയറ്ററിലെത്തിയത്.
കഴിഞ്ഞ 18നാണ് സംഭവം നടന്നത്. 25ാം തിയതി വിവരം പൊലിസില്‍ അറിയിച്ചിരുന്നെങ്കിലും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലിസ് തയാറായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് പൊലിസ് കേസെടുത്തത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലിസ് നാലു വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.
പൊലിസിന്റേത് ഗുരുതര വീഴ്ച;
എസ്.ഐക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: എടപ്പാള്‍ തിയറ്ററിലെ പീഡന വിവരം അറിഞ്ഞിട്ടും കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്ക് സസ്‌പെന്‍ഷന്‍. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് തൃശൂര്‍ റെയ്ഞ്ച് ഐ.ജി ഇടപെട്ട് എസ്.ഐക്കെതിരേ നടപടിയെടുത്തത്.
സംഭവം പൊലിസില്‍ അറിയിച്ച് 15 ദിവസം കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ തയാറാകാതിരുന്നതാണ് വിവാദമായത്. തിയറ്ററുകാരുടെ പരാതി മുഖവിലക്കെടുക്കാന്‍ പൊലിസ് തയാറായില്ല. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് നിവൃത്തിയില്ലാതെ പൊലിസ് കേസെടുത്തത്. ഇയാളുടെ കാര്‍ നമ്പറും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നതിനാല്‍ പ്രതിയെ കണ്ടെത്താന്‍ എളുപ്പമായി. മധ്യവയസ്‌കനായ ആള്‍ കുട്ടിയെ കൈയേറ്റം ചെയ്യുന്നതായും കുട്ടിക്കൊപ്പമുള്ള സ്ത്രീ ഇത് മനസിലാക്കിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടരമണിക്കൂറോളം കുട്ടി ഇയാളുടെ പീഡനത്തിന് ഇരയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയുടെ നടപടിക്കെതിരേ വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസിന്റെ നേതൃതത്തിലാണ് അന്വേഷണം നടത്തുന്നത്. തിരൂര്‍ ഡിവൈ.എസ്.പി ബിജുഭാസ്‌കര്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസ് എന്നിവര്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പൊലിസിനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
മലപ്പുറം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പെണ്‍കുട്ടിയെ പ്രദേശവാസിയായ സമ്പന്നന്‍ പിഡിപ്പിച്ച സംഭവത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
സംഭവം മലപ്പുറം ജില്ലാ പോലിസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ അയാള്‍ക്കരികിലെത്തിച്ച സ്ത്രീയും ഒരു പോലെ കുറ്റക്കാരായതിനാല്‍ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കമ്മിഷന്‍ സ്വയമേധയാ കേസെടുക്കുകയായിരുന്നു. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."