കോടതി ഉത്തരവിനോടും പൊലിസിന് പുല്ലുവില: മുന്‍കൂര്‍ ജാമ്യം ലഭിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു
കരുനാഗപ്പള്ളി(കൊല്ലം): കോടതി ഉത്തരവിനോടും പൊലിസിന് പുല്ലുവില. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചയാളെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത പൊലിസ് കോടതിയുടെ ജാമ്യരേഖകളുമായി പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആട്ടിപ്പായിക്കുകയും ചെയ്തു.
കരുനാഗപ്പള്ളി സ്വദേശി സൗന്തനെയാണ് ജാമ്യ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്ക്കാതെ പൊലിസ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിനിന്നും അറസ്റ്റ് ചെയ്തത്.
ബന്ധുവുമായുള്ള പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സൗന്തനെതിരേ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച ഈ കേസില്‍ കൊല്ലം സെഷന്‍സ് കോടതി സൗന്തന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
സൗന്തന് ഇത് പൊലിസിനെ അറിയിക്കുയും ചെയ്തു. എന്നാല്‍ രാത്രി ഓട്ടീസം ബാധിച്ച മകനുമായി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സൗന്തനെ കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്.ഐ മനാഫ് വീട് തള്ളിത്തുറന്ന് അറസ്റ്റ് ചെയ്തത്.
സൗന്തന് കാണിച്ച കോടതി ഉത്തരവ് എസ്.ഐ വലിച്ചെറിഞ്ഞശേഷമാണ് ഇയാളെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ സൗന്തന്റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചപ്പോള്‍ അവിടെ ഡ്യൂട്ടിയിലിരുന്ന പൊലിസുകാരന് ബന്ധുക്കളെ അധിക്ഷേപിച്ചു പറഞ്ഞയക്കുകയായിരുന്നു.
പോയിട്ട് രാവിലെ വാടേയ് എന്നും രാത്രി വന്ന് കാണിക്കാന്‍ ഇത് കോടതിയൊന്നുമല്ലെന്നുമായിരുന്നു പൊലിസുകാരന്റെ പരിഹാസം.
അഞ്ച് മണിവരെ സൗന്തനെ സ്റ്റേഷനിലിരുത്തുകയും പിന്നീട് ബന്ധുക്കള്‍ അഭിഭാഷകനെയും കൂട്ടിയെത്തിയപ്പോഴാണ് വിട്ടയച്ചത്. ഒടുവില്‍ വീഴ്ച സമ്മതിച്ച പൊലിസാകട്ടെ,സൗന്തന് ജാമ്യം കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു.
ഒരു സ്വകാര്യചാനല്‍ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് പൊലിസ് നിലപാട് മാറ്റിയത്. സംഭവത്തില്‍ എ.ഡി.ഡിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ കരുനാഗപ്പള്ളി എ.സി.പി ബി ശിവകുമാര്‍ സൗന്തന്റെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭവത്തില്‍ സൗന്തന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്ക്കൂം ഇന്നലെ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."