വില്ലേജ് ഓഫിസര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സന്തോഷ് മാധവനുള്‍പ്പെടെയുള്ളവരില്‍ നിന്ന് ബംഗളുരൂവിലെ സ്വകാര്യ കമ്പനി വാങ്ങിയ പുത്തന്‍വേലിക്കരയിലെ വിവാദ ഭൂമി ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പോക്കുവരവു ചെയ്തു കൊടുത്തെന്നാരോപിച്ച് വില്ലേജ് ഓഫിസര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി.
കേസിലെ രണ്ടാം പ്രതിയായിരുന്ന പുത്തന്‍വേലിക്കരിയിലെ മുന്‍ വില്ലേജ് ഓഫിസര്‍ ഉമാശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 15 ഏക്കര്‍ മാത്രം കൈവശം വെക്കാമെന്നിരിക്കെ നിയമവിരുദ്ധമായാണ് ഭൂമി പോക്കു വരവു ചെയ്തു കൊടുത്തതെന്ന് 2009 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റപത്രത്തില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ അപേക്ഷ ലഭിച്ച അതേ ദിവസങ്ങളില്‍ തന്നെ പോക്കുവരവു നടത്തിക്കൊടുത്തതായും രേഖകളില്‍ പറയുന്നു.
ഈ കേസില്‍ ചേന്ദമംഗലം സബ് രജിസ്ട്രാറായിരുന്ന മരിയ ആഗ്‌നസ് ലൂക്ക്, വില്ലേജ് ഓഫിസറായിരുന്ന ഉമാശങ്കര്‍, ബംഗളുരൂവിലെ കമ്പനിയുടമ ബി. ജയശങ്കര്‍ എന്നിവരെ പ്രതിയാക്കിയാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരനായ വില്ലേജ് ഓഫിസര്‍ക്കെതിരേ ചൂണ്ടിക്കാട്ടാന്‍ കുറ്റമൊന്നും നിലവിലില്ലെന്നും സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ച് കേസ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."