ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുന്നു; മുക്കത്ത് രണ്ടിടത്ത് അപകടം
മുക്കം: മേഖലയില്‍ ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ രണ്ടിടത്ത് അപകടം. അഗസ്ത്യന്‍ മുഴി ഓമശേരി റോഡില്‍ പെരുമ്പടപ്പ് ജങ്ഷനില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു.
ബസിന്റെ ഒരുഭാഗം ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും കാര്യമായി പരിക്കില്ല.തൊട്ടടുത്ത പറമ്പിന്റെ മതിലും ഗെയ്റ്റും ടിപ്പറിടിച്ച് തകര്‍ന്നു.
മുക്കം മാമ്പറ്റ ബൈപ്പാസില്‍ കുറ്റിപ്പാലയില്‍ ടിപ്പറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ടിപ്പര്‍ റോഡില്‍ മറിഞ്ഞു.
ചെങ്കല്ലുമായി മാമ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ കുറ്റിപ്പാല വളവില്‍ എതിരേവന്ന മറ്റൊരു ടിപ്പറില്‍ ഇടിക്കുകയായിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും സര്‍വിസ് നടത്തുന്ന റോഡില്‍ ഈ സമയം ആരുമില്ലാതിരുന്നതോടെ അപകടമൊഴിവാകുകയായിരുന്നു.
മുക്കം പൊലിസ് സ്റ്റേഷന്‍ പരിസരത്ത് വാഹനപരിശോധന പല സമയങ്ങളിലും നടക്കുന്നതിനാല്‍ മിക്ക ടിപ്പര്‍ ലോറികളും ബൈപ്പാസ് വഴിയാണ് പോവുന്നത്.
കാര്യമായ നടപ്പാതകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്ത റോഡില്‍ സ്‌കൂള്‍ സമയത്ത് പോലും ടിപ്പര്‍ ലോറികള്‍ സര്‍വിസ് നടത്തുന്നത് വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. മലയോര മേഖലയില്‍ ടിപ്പര്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ നിരവധി സ്ഥലങ്ങളില്‍ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സ്‌കൂള്‍ സമയങ്ങളില്‍ നിരവധി വാഹനങ്ങളാണ് മലയോര മേഖലയില്‍ സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."