ഫുട്‌ബോള്‍ മൈതാനിയിലെ ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഓമാനൂര്‍ സ്വദേശികളായ കെ. ജിബിന്‍ (27), പി.കെ ഷെഫീഖ് (30), കരുവാങ്കല്ല് കൈതക്കോട് സ്വദേശി ഹാരിസ് (24) എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് പിടികൂടിയത്.
ഫുട്‌ബോള്‍ മൈതാനിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് അറസറ്റ്. മൂന്നു പേരും വാഹനത്തില്‍ കയറിപ്പോകുന്നതടക്കമുള്ളതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലിസിനെ അക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് കൊണ്ടോട്ടി നന്മ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാണികള്‍ ഇരച്ചുകയറിയതോടെ കളി മുടങ്ങിയതും ഗ്രൗണ്ടില്‍ അക്രമങ്ങള്‍ അരങ്ങേറിയതും.ഫിഫ മഞ്ചേരിയും മെഡിഗാര്‍ഡ് അരീക്കോടും തമ്മിലുള്ള സെമി ഫൈനല്‍ രണ്ടാംപാദ മത്സരത്തിലാണ് കാണികളെ നിയന്ത്രിക്കാനാകാതെവന്നത്. ഗാലറിയിലേക്കു ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായതോടെ കാണികള്‍ കവാടത്തിലൂടെ ഗ്രൗണ്ടിലേക്കു കയറി.
ഇതിനിടെ കളി മുടങ്ങിയതോടെ ഗ്രൗണ്ടിലെ വലിയ ലൈറ്റുകളും ട്യൂബുകളും തകര്‍ത്തു. കസേര, ഗാലറി, മൈക്ക് സെറ്റ്, ഗോള്‍ പോസ്റ്റ് തുടങ്ങിയവ നശിപ്പിച്ചു. പൊലിസ് പലതവണ ലാത്തി വീശിയെങ്കിലും കമ്മിറ്റിക്കെതിരേ പ്രതിഷേധിച്ച് കാണികള്‍ മൈതാനം കൈയേറി. പിന്നീട് കൂടുതല്‍ പൊലിസെത്തിയാണ് ആളുകളെ വിരട്ടിയോടിച്ചത്. സംഭവ ദിവസം പൊലിസിനെതിരേയും ആക്രമണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."