ചക്കിട്ടപാറയിലെ യാത്രാക്ലേശത്തിനു പരിഹാരം: ബാങ്ക് ബസുകള്‍ തിങ്കളാഴ്ച നിരത്തിലിറക്കും
പേരാമ്പ്ര: ഏഴു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ചക്കിട്ടപാറ ബാങ്ക് ബസുകള്‍ സര്‍വിസ് നടത്താന്‍ ഒരുങ്ങി. നാളെ രാവിലെ എട്ടരക്ക് കന്നിഓട്ടത്തിന് തുടക്കം കുറിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
തൃശൂര്‍, എറണാകുളം, പിറവം, കോട്ടയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കു ചക്കിട്ടപാറ വഴി കെ.എസ്.ആര്‍.ടി.സി സര്‍വിസുണ്ടെങ്കിലും ഹൃസ്വദൂര യാത്രക്ക് നാട്ടുകാര്‍ വളരെ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
ചക്കിട്ടപാറ സര്‍വിസ് സഹകരണ ബാങ്കാണ് നാട്ടുകാരുടെ യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ രണ്ടു പുതിയ ബസുകള്‍ ഏഴു മാസം മുന്‍പ് വാങ്ങിയത്. ഇത് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചതോടെ പ്രശ്‌നങ്ങള്‍ തലപൊക്കി. കേന്ദ്ര ഗവ. നടപ്പാക്കിയ പുതിയ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ പേരില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി.
ഇതിനിടയില്‍ കൊയിലാണ്ടി താലൂക്ക് വികസന സമിതിയില്‍ പ്രശ്‌നങ്ങള്‍ സമിതി അംഗം രാജന്‍ വര്‍ക്കി രേഖാമൂലം ഉന്നയിച്ചു. ബസുകളുടെ രജിസ്‌ട്രേഷനിലും അനുബന്ധ നടപടികളിലും ആവശ്യമായ നടപടി സ്വീകരിച്ചതായി ജോ.ആര്‍.ടി.ഒ മറുപടി രേഖാമൂലം തഹസില്‍ദാര്‍ക്ക് നല്‍കി. ഏപ്രില്‍ 30നകം ബസ് ഓടുമെന്നും ബാങ്ക് അധികൃതരും കത്ത് നല്‍കി. രണ്ടാഴ്ച വൈകിയെങ്കിലും ബസുകള്‍ സര്‍വിസ് ആരംഭിക്കുകയാണ്.
കന്നി ഓട്ടം ഉത്സവപ്രതീതിയില്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് ഷീജയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. ബാങ്ക് പ്രസിഡന്റ് ഇ.എസ് ജെയിംസ്, സെക്രട്ടറി വി. ഗംഗാധരന്‍, പ്രേമന്‍ നടുക്കണ്ടി, ഉമ്മര്‍ തേക്കത്ത്, ജോസഫ് കാരിമറ്റം, പ്രകാശ് മുള്ളന്‍കുഴി, വി.വി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. പെരുവണ്ണാമൂഴിയില്‍നിന്നു ചക്കിട്ടപാറ ചെമ്പ്ര കോടേരിച്ചാല്‍ വഴി പേരാമ്പ്രയിലേക്കാണ് സര്‍വിസ് നടത്തുക. ഒരു ബസിന് ഒന്‍പത് ട്രിപ്പുകളുണ്ട്. സമാന്തര സര്‍വിസിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്തിരുന്ന പ്രദേശത്തുകാര്‍ക്ക് ഇത് ഏറെ അനുഗ്രഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."