കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ ഏപ്രണില്‍ എയ്റോബ്രിഡ്ജുകളുടെ നിര്‍മാണപ്രവൃത്തി തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ ഏപ്രണില്‍ യാത്രക്കാര്‍ക്കു വെയിലും മഴയുമേല്ക്കാതെ വിമാനത്തില്‍നിന്നു ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനുള്ള എയ്റോബ്രിഡ്ജുകളുടെ പ്രവൃത്തി തുടങ്ങി. രണ്ട് എയ്റോബ്രിഡ്ജുകളാണ് പുതിയ ഏപ്രണില്‍ പുതിയ ടെര്‍മിനലിനോട് ചേര്‍ന്നു നിര്‍മിക്കുന്നത്.
2013ല്‍ കരിപ്പൂരില്‍ പൂര്‍ത്തിയായ റണ്‍വേ ഏപ്രണ്‍ ഡി.ജി.സി.എ അനുമതി ലഭിക്കാത്തതിനാല്‍ തുറന്നുപ്രവര്‍ത്തിക്കാനും എയ്റോബ്രിഡ്ജ് സ്ഥാപിക്കാനുമായിരുന്നില്ല. രണ്ടു വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം പുതിയ ഏപ്രണിലുണ്ട്. കഴിഞ്ഞ മാസം റണ്‍വേ പരിശോധിക്കാനെത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) ഏപ്രണ്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ദില്ലി കേന്ദ്ര കാര്യാലയത്തില്‍നിന്ന് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചതിനാലാണ് ഏപ്രണില്‍ എയ്റോബ്രിഡ്ജ് നിര്‍മാണം തുടങ്ങിയത്.
കരിപ്പൂരില്‍ 10 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള റണ്‍വേ ഏപ്രണാണ് നിലവിലുള്ളത്. എന്നാല്‍, വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ഏപ്രണില്‍ സൗകര്യമില്ലാതെ വിമാനങ്ങള്‍ റണ്‍വേയിലും ബോംമ്പ് ഭീഷണിയുള്ള വിമാനങ്ങള്‍ നിര്‍ത്താനായി സജീകരിച്ച ഐസുലേഷന്‍ ബേയിലുമായി നിര്‍ത്തിയിടേണ്ട അവസ്ഥയാണുള്ളത്. ഇതോടെ യാത്രക്കാരെ റണ്‍വേയിലൂടെ വാഹനത്തിലും കാല്‍നടയായും വിമാനത്തിനരികെ എത്തിക്കേണ്ട ഗതികേടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."