പുഴയില്‍നിന്ന് അവര്‍ മടങ്ങി, കൈനിയെ കക്കയുമായി
ചെറുവത്തൂര്‍: പുലര്‍ച്ചെ നാലോടെ അവര്‍ പുഴയിലേക്കിറങ്ങും, പത്തുമണിയോടെ വള്ളം നിറയെ കക്കയുമായി മടക്കവും.. പുരുഷന്‍മാരാണെന്ന് കരുതേണ്ട, ഓരിയിലെ സ്ത്രീകളാണ് കക്ക ശേഖരിക്കാനായി പുഴകളിലേക്കിറങ്ങുന്നത്.
തോണി തുഴയുന്നതും വേലിയിറക്ക സമയം പുഴയില്‍ ഇറങ്ങി കക്ക വാരിയെടുക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. രുചിയേറെയുള്ള കക്കക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ തന്നെ നല്ല വരുമാനവും ഇവര്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.
ചെറിയ ഇടവേളക്ക് ശേഷമാണ് ഓരിപുഴയില്‍നിന്ന് കക്ക ലഭിച്ചു തുടങ്ങിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ പൂവന്‍ കക്കയുടെ ചാകരയുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം തീരെ ഇവ ലഭിക്കാതെയായി. ഇപ്പോള്‍ രണ്ടാഴ്ചയായി വെളുത്ത കക്ക ധാരാളമായി ലഭിക്കുന്നുണ്ട്. ഓരിയില്‍ സ്ത്രീകളാണെങ്കില്‍ തേജസ്വിനിപുഴയിലെ പുലിയന്നൂര്‍ കടവില്‍നിന്ന് കക്ക വാരിയെടുക്കുന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ്. ഒരു മാസമായി ഇവിടെ കക്കയുടെ ചാകരക്കാലമാണ്.
രാവിലെ എട്ടോടെ പുഴയിറങ്ങു (വേലിയിറക്കം) ന്നതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പാത്രങ്ങളുമായി പുഴയിലേക്കിറങ്ങും. മുട്ടോളം വെള്ളത്തില്‍നിന്ന് ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന കക്ക വാരിയെടുക്കും. കറുത്ത കക്കയാണ് ഇവിടെ ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം വില്‍പനക്കായി കക്ക വരാന്‍ എത്തുന്നവര്‍ കുറവാണ്. സ്വന്തം ആവശ്യങ്ങള്‍ക്കായാണ് മിക്കവരും ഇവിടെ കക്ക വരിയെടുക്കാന്‍ എത്തുന്നത്.
കഴിഞ്ഞ രണ്ടുമാസമായി കടലില്‍നിന്ന് ചെറുമത്സ്യങ്ങളുടെ ലഭ്യത നന്നേക്കുറവാണ്. ആവോലി, അയക്കൂറ പോലുള്ള മത്സ്യങ്ങള്‍ക്കാണെങ്കില്‍ തീവിലയും. ഈ സാഹചര്യത്തില്‍ പുലിയന്നൂര്‍ പ്രദേശത്തുള്ള കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് കക്ക ചാകര. കൂടാതെ കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതിനാല്‍ ഇതിന്റെ തോടിനും ആവശ്യക്കാരുണ്ട്. മഴക്കാലം ആരംഭിക്കുന്നത് വരെ കക്ക ലഭിക്കുമെന്നാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."