സാം എന്‍സിമ ഇനി ഓര്‍മ
ജോഹന്നാസ്ബര്‍ഗ്: ഒറ്റ സ്‌നാപ്പ് കൊണ്ട് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ക്രൂരതകളിലേക്കു ലോകശ്രദ്ധ പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ ഇനിയില്ല. ലോകപ്രസിദ്ധനായ ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ സാം എന്‍സിമ അന്തരിച്ചു. 83 വയസായിരുന്നു. എംപുമലംഗ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
1976ലെ സൊവേറ്റോ ജനകീയ പ്രക്ഷോഭത്തിനു നേരെ പൊലിസ് നടത്തിയ വെടിവയ്പ്പിനിടെയാണ് സാമിനെ ലോകപ്രശസ്തനാക്കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പകര്‍ത്തിയത്. 1976 ജൂണ്‍ 16ന് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിനടുത്തെ സൊവേറ്റോവില്‍ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവജനങ്ങള്‍ രാജ്യത്തെ വര്‍ണവിവേചനത്തിനെതിരേ നടത്തിയ പ്രക്ഷോഭത്തിനു നേരെയാണ് പൊലിസ് ക്രൂരമായി വെടിവച്ചത്. പൊലിസിന്റെ വെടിയേറ്റു മരണത്തോടു മല്ലടിക്കുന്ന 12കാരനായ ഹെക്ടര്‍ പീറ്റേഴ്‌സനെ സംഭവസ്ഥലത്തുണ്ടായിരുന്ന 13കാരി ബൂയിസ മകുബോ എടുത്തോടുന്നതും ബൂയിസയുടെ ഇളയസഹോദരി ഭയവിഹ്വലയായി പിന്തുടരുകയും ചെയ്യുന്ന ചിത്രമാണ് സാം കാമറയിലാക്കിയത്.
ചിത്രം അടുത്ത ദിവസങ്ങളില്‍ വിവിധ ലോകമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടത്തിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് ലോകമൊന്നടങ്കം പ്രതിഷേധം ആളിക്കത്തി. വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭം അതോടെ ഭരണകൂടത്തിന്റെ അന്ത്യത്തിനുള്ള തുടക്കവുമായി. സമരത്തെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്. ഇതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി അലയടിച്ചു. കറുത്ത വംശജരുടെ അതിജീവന പോരാട്ടം വംശീയബോധം നിറഞ്ഞ ഭരണകൂടത്തെ താഴെയിറക്കുന്നതില്‍ കലാശിച്ചു.
ടൈം മാഗസിന്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനശക്തിയുള്ള നൂറുചിത്രങ്ങള്‍ തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഈ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. ഫോട്ടോ പകര്‍ത്തിയതിന്റെ പേരില്‍ സാമിന് 19 ദിവസം വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."