സഹകരണ വായ്പാ മേഖലയിലെ ത്രിതല സംവിധാനം നിലനിര്‍ത്തണം: കെ.സി.ഇ.എഫ്
കണ്ണൂര്‍: കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന വായ്‌പേതര സഹകരണ സംഘങ്ങളെ സഹകരണ മേഖലയുടെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള കോ-ഓപറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സഹകരണ വായ്പാ മേഖലയിലെ ത്രിതല സംവിധാനം നിലനിര്‍ത്തി പ്രാഥമിക സഹകരണ സംഘങ്ങളെ ഒന്നായിക്കണ്ട് മുന്നോട്ടു പോകണം. സംസ്ഥാന സര്‍ക്കാരിനു യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാത്ത സഹകരണ മേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തണം. രണ്ടും നാലും ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണം. സഹകരണ പെന്‍ഷന്‍ സമ്പ്രദായം കാലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
കണ്ണൂരിലെ ആളൊഴിഞ്ഞ വീടുകള്‍ സി.പി.എം ബോംബ് നിര്‍മാണ ഫാക്ടറിയാക്കി മാറ്റുകയാണ്. ബി.ജെ.പി വളര്‍ന്നാലും കോണ്‍ഗ്രസ് ക്ഷീണിക്കണമെന്നാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രന്‍, കെ.പി.സി.സി അംഗം ചന്ദ്രന്‍ തില്ലങ്കേരി, ഡി.സി.സി ഭാരവാഹികളായ ജയ്‌സന്‍ തോമസ്, വി.വി പുരുഷോത്തമന്‍, കെ.സി മുഹമ്മദ് ഫൈസല്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.സി.ഇ.എഫ് സംസ്ഥാന ഭാരവാഹികളായ പി.കെ വിനയകുമാര്‍, സുഭാഷ് കുമാര്‍, കെ.സി രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."