റമദാന്‍ കൈയയച്ച് സഹായിക്കാനുള്ള മനസ് പാകപ്പെടുത്തുന്നു
വീണ്ടുമൊരു റമദാന്‍ കാലം കൂടി കടന്നുപോകുമ്പോള്‍ നിറയുന്നത് റമദാന്റെ നന്മകളാണ്. പൊതുപ്രവര്‍ത്തന രംഗത്തേക്ക് വിദ്യാര്‍ഥിയായിരിക്കെ കടന്നുവരുമ്പോള്‍ മുതലുള്ള റമദാന്‍ മാസത്തിലെ സൗഹാര്‍ദ നിമിഷങ്ങള്‍ വലിയൊരു അനുഭവമായിട്ടാണ് കാണുന്നത്. ശാരീരകമായി മാനസികമായും കുടുതല്‍ ശുദ്ധീകരിക്കുന്ന റമദാനില്‍ വിശ്വാസികള്‍ അവരുടെ സമ്പത്ത് കൂടി ശുദ്ധീകരിക്കുന്നുവെന്ന ആശയമാണ് എനിക്ക് ഏറെ ആകര്‍ഷകമായത്. സ്വന്തം അധ്വാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്ക് അവകാശമായി നല്‍കണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അതു പ്രാവര്‍ത്തികമാക്കുന്ന മാസമാണ് റമദാന്‍.
സമ്പത്തിന്റെ ഒരു വിഹിതം നിര്‍ബന്ധ ദാനമായി പാവപ്പെട്ടവരിലേക്ക് എത്തിക്കണമെന്ന ആശയം റമദാന്‍ കാലത്ത് നടപ്പിലാക്കുന്നതിലൂടെ വലിയൊരു റിലീഫ് പ്രവര്‍ത്തനമാണ് നടക്കുന്നത്. എം.പിയായിരിക്കെ എനിക്ക് റമദാനിലെ റിലീഫ് പ്രവര്‍ത്തനത്തെയും സക്കാത്ത് വിതരണത്തിന്റെ പ്രവര്‍ത്തനങ്ങളെയും അടുത്ത് അറിയാനുള്ള അവസരം ലഭിച്ചിരുന്നു.
എം.പി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു മേഖല സര്‍ക്കാര്‍ ആശുപത്രികളായിരുന്നു. ചികിത്സയ്ക്ക് വേണ്ടി പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികളായ പാവങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ രൂപീകരിക്കുകയായിരുന്നു അതില്‍ പ്രധാനം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സന്നദ്ധസംഘടകളുടെയും വ്യക്തികളുടെയും സഹായം അനിവാര്യമാണ്. റമദാനില്‍ മുസ്‌ലിം സഹോദരങ്ങള്‍ നല്‍കുന്ന റിലീഫ് പ്രവര്‍ത്തനം മാതൃകാപരമാണ്.
ധാരാളം പാവപ്പെട്ടവര്‍ക്ക് ഇന്ന് ഉപകാരമായി മാറിയിരിക്കുന്ന ആലുവ ആശുപത്രിയിലെ സൗജന്യ ഡയാലിസ് സെന്ററിനായി സക്കാത്ത് സെല്ലില്‍ നിന്നുള്ള സഹായം ലഭിച്ചിരുന്നു. വിവിധ സംഘടകള്‍ക്കും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അന്ന് ചെയ്ത ഒരു നന്മ എത്രയോ ജനങ്ങള്‍ക്കാണ് ആശ്വാസമായി മാറുന്നത്.
നാട്ടില്‍ റമദാന്‍ മാസത്തില്‍ നടക്കുന്ന സഹായപദ്ധതികള്‍ ദാരിദ്രനിര്‍മാര്‍ജനത്തിന് സഹായകമാകുന്നതാണ്. നിരവധി ഇഫ്ത്താര്‍ സംഗമങ്ങളിലും റിലീഫ് സംഗമങ്ങളിലും പങ്കെടുക്കുമ്പോഴുള്ള സന്തോഷവും സ്‌നേഹവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. സഹായഹസ്തങ്ങള്‍ നീട്ടുന്നവര്‍ക്ക് മുന്നില്‍ കൈയയച്ച് സഹായിക്കാനുള്ള മനസിനെകൂടി റമദാന്‍ പാകപ്പെടുത്തുകയാണെന്നതാണ് സമൂഹത്തിന് ലഭിക്കുന്ന വലിയൊരു നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."