കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ്, പക്ഷെ ജീവിക്കാന്‍ വേറെ പണി നോക്കണം
കല്‍പ്പറ്റ: തപാല്‍വകുപ്പിലെ ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ജി.ഡി.എസ് (ഗ്രാം സഡക് സേവക്) ജീവനക്കാര്‍. പേരിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെന്ന പത്രാസൊക്കെയുണ്ടെന്നതു ശരി. പക്ഷെ ജീവിക്കാന്‍ അതുപോരല്ലോ. ശമ്പളത്തിന്റെ കാര്യത്തില്‍ ഇവര്‍ കൂലിത്തൊഴിലാളികളെക്കാളും പിന്നിലാണെന്നതാണ് വസ്തുത. തപാല്‍വകുപ്പില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന റഗുലര്‍ ജീവനക്കാര്‍ മുപ്പതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് അതിന്റെ പകുതിയിലും താഴെ മാത്രമാണ്. പോരാത്തതിന് ജോലിക്ക് പുറമേ ഓഫിസിലെ ദൈനംദിന കാര്യങ്ങളുടെ ചുമതലയും ഇവരുടെ തലയിലാണ്.
ഇന്ത്യയിലെ ആകെയുള്ള 1,54,822 തപാല്‍ ഓഫിസുകളില്‍ 1,39,086 എണ്ണവും പ്രവര്‍ത്തിക്കുന്നത് ഗ്രാമീണ മേഖലയിലാണ്. ഏഴാം ശമ്പളക്കമ്മീഷന്റെ കണക്കു പ്രകാരം തപാല്‍ വകുപ്പില്‍ 2,49,588 റഗുലര്‍ തസ്തികകളാണുള്ളത്. 2,63,323 ജി.ഡി.എസ് ജീവനക്കാരും ചെറിയ അലവന്‍സ് വാങ്ങി ജോലി ചെയ്യുന്നുണ്ടെന്നാണ് ശമ്പളക്കമ്മീഷന്റെ കണക്കില്‍ പറയുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, മെയില്‍ ഡെലിവറര്‍, മെയില്‍ കാരിയര്‍, മെയില്‍ പായ്ക്കര്‍, സ്റ്റാമ്പ് വെണ്ടര്‍ എന്നീ തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ തുഛമായ വേതനത്തിനാണ് ജോലി ഇവര്‍ ചെയ്യുന്നത്. എന്നാല്‍ ശമ്പളത്തിലെ കുറവുപോലെ ജോലിയില്‍ ഇവര്‍ക്ക് കുറവൊന്നുമില്ല. റഗുലര്‍ ജീവനക്കാരെപോലെ തന്നെയാണ് ഇവരുടെയും ജോലി.
ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റ്മാന്‍ ചെയ്യുന്ന അതേ ജോലിയാണ് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരനും ചെയ്യുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ശമ്പളത്തിലെ അന്തരം 18000 രൂപയ്ക്ക് മുകളിലാണ്. ഡിപ്പാര്‍റ്റ്‌മെന്റല്‍ ജീവനക്കാരന്‍ 30000 രൂപ വാങ്ങുമ്പോള്‍ ജി.ഡി.എസ് ജീവനക്കാരന് ലഭിക്കുന്നത് 12000 രൂപ മാത്രം. ഇവര്‍ വിരമിക്കുമ്പോള്‍ ഗ്രാറ്റിവിറ്റി ഇനത്തില്‍ ആകെ ലഭിക്കുന്നത് 60000 രൂപയാണ്. പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാവുകയുമില്ല.
ഇവര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്നത് 20 പെയ്ഡ് ലീവുകളാണ്. ലീവെടുക്കണമെങ്കില്‍ പകരക്കാരെ ഇവര്‍ തന്നെ കണ്ടെത്തി നിയമിക്കുകയും വേണം. ഇതിന് പുറമേ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കാനാവാശ്യമായ കെട്ടിടം കണ്ടെത്തേണ്ടതും വാടക നല്‍കേണ്ടതും വൈദ്യുതി ചാര്‍ജ് അടയ്‌ക്കേണ്ടതും ഇവരുടെ ചുമതലയില്‍ പെട്ടതാണ്.
ഇതൊക്കെ ഇവരുടെ തുഛമായ വേതനത്തില്‍ നിന്ന് കണ്ടെത്തണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പോരാത്തതിന് ഈ ശമ്പളത്തില്‍ നിന്ന് ആറുമാസം കൂടുമ്പോള്‍ ഇവര്‍ തൊഴില്‍ നികുതിയായി 500 രൂപ വീതം പഞ്ചായത്തില്‍ അടയ്ക്കുകയും വേണം. തങ്ങളുടെ തുഛമായ ശമ്പളം കൊണ്ട് ജീവിച്ച് പോകാന്‍ തന്നെ പാടുപെടുമ്പോഴാണ് ഇത്തരത്തിലുള്ള പീഡനങ്ങളും.
ഇതൊക്കെക്കൊണ്ടാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ജി.ഡി.എസ് ജീവനക്കാര്‍ സമരത്തിനൊരുങ്ങാന്‍ കാരണമെന്ന് പറയുന്നു. ദേശീയ തലത്തില്‍ സംഘടിച്ചായിരിക്കും സമരം. സിവില്‍ സെര്‍വന്റായി അംഗീകരിച്ച് വകുപ്പിലെ മറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുക, കമലേഷ്ചന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങി ഒരുപിടി ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."