ജില്ലാ പൊലിസ് മേധാവി അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് പൊലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റെന്നും ഇനി അധ്വാനിച്ചു ജീവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും മര്‍ദനത്തിനു നേതൃത്വം നല്‍കിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയില്‍വെച്ച് ജില്ലാ പൊലിസ് മേധാവിക്ക് ഉനൈസ് എഴുതി ഒപ്പിട്ട കത്ത് മരണശേഷം വീട്ടുകാര്‍ക്കു ലഭിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത് ദുരൂഹമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇക്കാര്യം അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. ഭാര്യാപിതാവിന്റെ പരാതിയിലാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഉനൈസിന്റെ മരണം പൊലിസ് മര്‍ദനത്തെ തുടര്‍ന്നുള്ള കൊലപാതകമായികാണേണ്ടിവരുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പിണറായിയില്‍ ഓട്ടോ ഡ്രൈവര്‍ ഉനൈസിന്റെ മരണത്തിന് പിന്നില്‍ പൊലിസ് മര്‍ദനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി. അരേചെങ്കീല്‍ ഉനൈസിനെ (32) ഈ മാസം രണ്ടിനാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് മര്‍ദനമേറ്റു രണ്ടു മാസത്തിലേറെയായി കിടപ്പിലായിരുന്നിട്ടും മൊഴിയെടുക്കാന്‍ പോലും പൊലിസ് തയാറായില്ലെന്നു സഹോദരന്‍ നവാസ് പറഞ്ഞു.
തനിക്ക് പൊലിസ് മര്‍ദനമേറ്റെന്ന് ഉനൈസ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയ വിവരം അറിയിച്ചിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
ആശുപത്രിയില്‍ നിന്നു ഉനൈസിനെ വിട്ടയച്ചെങ്കിലും വീട്ടിലെത്തിയിട്ടും എഴുന്നേല്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല.
മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള മുന്നു നാലു ദിവസങ്ങളില്‍ ഖരരൂപത്തിലുള്ള ആഹാരം കഴിക്കാനും സാധിക്കുന്നില്ലായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."