സ്‌കൂള്‍ വിപണി സജീവമാകുന്നു
ഈരാററുപേട്ട: അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ പ്രവേശനത്തിനൊരുങ്ങുന്ന കുരുന്നുകളെ കാത്ത് വിപണികള്‍ സജീവം.
തൊട്ടാല്‍ പൊള്ളുന്ന വിലയാണെങ്കിലും പുത്തന്‍ കുടയ്ക്കും ബാഗിനുമായി രക്ഷിതാക്കളോടൊപ്പം കുട്ടികളും കടകള്‍ കയറിയിറങ്ങുന്ന തിരക്കിലാണ്.കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളും രൂപങ്ങളുമാണ് ഇത്തവണയും വിപണിയിലെ ആകര്‍ഷക ഇനങ്ങള്‍. സ്‌പൈഡര്‍മാനും ബെന്‍ടെനും കുതിച്ചു ചാടുന്നതരത്തിലുള്ള ത്രീഡി ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ചൈനീസ് കമ്പനിയുടെ ബാഗുകളാണ് ഇത്തരത്തില്‍ ത്രീഡി രൂപത്തില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ട്രോളിയോടു കൂടിയ ബാഗിനു കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 30 രൂപയോളം വര്‍ധനവുണ്ട്. പ്രധാന ബാഗു കമ്പനികളുടെ വ്യത്യസ്ത തരത്തിലുള്ള ബാഗുകളുമായി വിപണയില്‍ സജീവമാണ്. ബോംബെ ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ബാഗുകളും എത്തിയിട്ടുണ്ട്. ബാഗിനു300 മുതല്‍ 1500 വരെയാണ് വില. സെല്‍ഫി സ്റ്റിക് പിടിപ്പിച്ച കുടകള്‍ വരെ വിപണിയിലെത്തിയെങ്കിലും ഗുണമേന്‍മയാണ് രക്ഷിതാക്കള്‍ പ്രധാനമായും നോക്കുന്നത്. 190 മുതല്‍ 450 വരെയാണ് കുടകളുടെ വിപണിവില. വാട്ടര്‍ ബോട്ടിലില്‍ വലിയ വ്യത്യാസമില്ലെങ്കിലും പലതരം വര്‍ണങ്ങളോടെയാണ് ഇത്തവണ വിപണിയിലെത്തിയത്.
50 രൂപയുള്ള സാധാരണ ബോട്ടില്‍ മുതല്‍ 600 രൂപയുടെ സ്റ്റീല്‍ കോട്ടിങ് പിടിപ്പിച്ച വാട്ടര്‍ ബോട്ടിലിനു വരെ ആവശ്യക്കാര്‍ ഏറെയാണ്. സ്റ്റീല്‍ പാത്രങ്ങള്‍ക്കു പുറമേ പലവിധ വര്‍ണത്തിലുള്ള പ്ലാസ്റ്റിക് ലഞ്ച് ബോക്‌സുകള്‍ക്കും വിലയില്‍ കുറവൊന്നുമില്ല.
200 മുതല്‍ 500 വരെയാണ് ലഞ്ച് ബോക്‌സുകളുടെ വില. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിലയില്‍ നേരിയ വര്‍ധനവുണ്ടെന്ന് കച്ചവടക്കാരും സമ്മതിക്കുന്നുണ്ട്. കുടകള്‍ക്ക് 20 രൂപ വര്‍ധിച്ചപ്പോള്‍ ബാഗുകള്‍ക്ക് 20 മുതല്‍ 80 വരെ വില കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."