ലോക ക്വിസ് ചാംപ്യന്‍ഷിപ്പ്: റെക്കോര്‍ഡ് ലക്ഷ്യമിട്ട് കോഴിക്കോട്
കോഴിക്കോട്: ലോക ക്വിസിങ് ചാംപ്യന്‍ഷിപ്പിലെ പങ്കാളിത്തത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് കോഴിക്കോട് ഒരുങ്ങുന്നു. നിലവില്‍ ലോക ക്വിസ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് കോഴിക്കോട് കേന്ദ്രത്തില്‍ നിന്നാണ്. കഴിഞ്ഞ തവണ 218 പേര്‍ പങ്കെടുത്തു. ഇത്തവണ അംഗസംഖ്യ ഉയര്‍ത്തി ലോക റെക്കോര്‍ഡില്‍ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഇതിനായി എം.കെ രാഘവന്‍ എം.പിയുടെയും എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നുവരികയാണ്.
ക്വിസിലെ ലോക ചാംപ്യനെ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലെ 150ഓളം നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 15-ാമത് ലോക ക്വിസിങ് ചാംപ്യന്‍ഷിപ്പ് ജൂണ്‍ രണ്ടിന് ഉച്ചക്ക് 3.30നാണ് നടക്കുന്നത്. ഒരേ ചോദ്യങ്ങളുമായി രണ്ടു മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയില്‍ നടക്കുന്ന മത്സരം കേരളത്തില്‍ സംഘടിപ്പിക്കുന്നത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജും റെയ്‌സ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററും ചേര്‍ന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളജാണ് കേരളത്തിലെ ഏക വേദി.
ലോക ചെസ് ചാംപ്യന്‍ ഷിപ്പിനോട് അനുബന്ധിച്ച് ജൂണ്‍ ഒന്നു മുതല്‍ എട്ടു വരെ ക്വിസ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ടെന്ന് എം.കെ രാഘവന്‍ എം.പി, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിനു രാവിലെ 9.30ന് എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. തുടര്‍ന്ന് ടെലിവിഷന്‍ അവതാരിക രേഖാ മേനോന്‍ വനിതകള്‍ക്കായി നടത്തുന്ന ക്വിസ് മത്സരത്തോടെ ഫെസ്റ്റിവലിന് തുടക്കമാകും. കപ്പിള്‍ ക്വിസ്, യാത്രാ വിവരണ ക്വിസ്, ബിസിനസ് ക്വിസ് എന്നിവ നടക്കും. വൈല്‍ഡ് ലൈഫ് ക്വിസ്, വിനോദ ക്വിസ്, റെയ്‌സ് ലോക ക്വിസിങ്, ചലചിത്ര ക്വിസ്, ഫുഡ് ക്വിസ്, ജനറല്‍ ക്വിസ്, കേരള പ്രശ്‌നോത്തരി, ഇന്ത്യാ ക്വിസ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് ജനറല്‍ ക്വിസ്, സയന്‍സ് ക്വിസ്, ട്രാവല്‍ ക്വിസ്, ഹെല്‍ത്ത് ക്വിസ്, സ്‌പോര്‍ട്‌സ് ക്വിസ് എന്നിവ തുടര്‍ ദിവസങ്ങളില്‍ നടക്കും.
അവസാന നാലു ദിവസങ്ങളില്‍ പ്രൊവിഡന്‍സ്, ഫറോക്ക്, ദേവഗിരി, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവങ്ങളിലായി എട്ടു ക്വിസുകള്‍ നടക്കും. ആറു ലക്ഷം രൂപയുടെ സമ്മാനങ്ങളും നല്‍കുമെന്ന് അവര്‍ അറിയിച്ചു. ലോക ചാംപ്യന്‍ഷിപ്പിന് മെയ് 25ന് മുന്‍പ് [email protected] എന്ന ഇ മെയിലില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ക്വിസ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 9895316264, 7736432224 എന്നീ നമ്പറില്‍ ബന്ധപ്പെടാം. എം.സി ശ്രീജിത്ത്, സ്‌നേഹജ് ശ്രീനിവാസ്, എസ്.കെ രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."