ദലിത് വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്ത സംഭവം: പൊലിസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങില്‍ എസ്.ഐ ഹാജരായില്ല
കോഴിക്കോട്: ദലിത് വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ്ങില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ല ഹാജരായില്ല.
വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി ഷാജിയുടെ പരാതി പരിഗണിച്ച അതോറിറ്റി ഇന്നലെ നടക്കുന്ന ഹിയറിങ്ങില്‍ എസ്.ഐയോട് വിശദീകരണം നല്‍കാന്‍ കഴിഞ്ഞ മാസം 14ന് നടന്ന സിറ്റിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തില്‍ മര്‍ദനത്തിനിരയായി കുട്ടിയുടെ മൊഴിയെടുക്കാന്‍ കംപ്ലയിന്റ് അതോറിറ്റി തീരുമാനിച്ചു.
ഇന്നലെ നടന്ന സിറ്റിങ്ങിലാണ് മര്‍ദനത്തിനിരയായ തേനംവയല്‍ അജയ്‌യുടെ മൊഴിയെടുക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടന്‍ ഉത്തരവിട്ടത്. 2017 ഒക്ടോബര്‍ 24നാണ് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ല നടക്കാവിലെ അജയ്‌യുടെ വീട്ടിലെത്തി കൈയേറ്റം ചെയ്തത്. ഔദ്യോഗിക യൂനിഫോമില്‍ രാത്രി സമയത്ത് യുവതിയുമായി എസ്.ഐ സംസാരിച്ചു നില്‍ക്കുന്നതു കണ്ട് കാര്യം തിരക്കാനെത്തിയ അജയ്‌യുടെ പിതാവ് പുരുഷോത്തമനുമായി എസ്.ഐ വാക്കേറ്റമുണ്ടാവുകയും ഇതുകണ്ട് എത്തിയ അജയ്‌യിനെ എസ്.ഐ കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തിനു ശേഷം വീട്ടില്‍ പോയ അജയ്‌യിനെ, പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യം തടസപ്പെടുത്തി എന്നാരോപിച്ച് ഹബീബുല്ല കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി എതിര്‍ക്കുകയായിരുന്നു. പരാതി അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും.
ജില്ലയില്‍ പൊലിസുകാര്‍ക്കെതിരേയുള്ള പരാതികളിന്‍മേല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇന്നലെ കലക്ടറേറ്റില്‍ പൊലിസ് കംപ്ലയിന്റ് അതോറിറ്റി നടത്തിയ സിറ്റിങ്ങില്‍ 47 പരാതികളാണ് അതോറിറ്റിക്ക് മുന്നിലെത്തിയത്. നാല് പുതിയ പരാതികള്‍ സ്വീകരിച്ചു.
മൂന്ന് പരാതികള്‍ക്കുമേല്‍ ഓര്‍ഡറിടുകയും മൂന്നെണ്ണം വിചാരണയ്ക്കായി പരിഗണിക്കുകയും ചെയ്തു. കോഴിക്കോട്ട് നടന്ന സിറ്റിങ്ങില്‍ അതോറിറ്റി ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടന്‍, സെക്രട്ടറി എന്‍. പ്രേമചന്ദ്രന്‍ പങ്കെടുത്തു. അടുത്ത സിറ്റിങ് ജൂലൈയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."