തനത് ജലവിതരണ പദ്ധതി: ഉത്സവാന്തരീക്ഷത്തില്‍ കുരഞ്ഞിയൂരിന് സമര്‍പിച്ചു
ചാവക്കാട്: തനത് ജലവിതരണ പദ്ധതി ഉത്സവാന്തരീക്ഷത്തില്‍ കുരഞ്ഞിയൂരിന് സമര്‍പിച്ചു. കുരഞ്ഞിയൂരില്‍ എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നുള്ള 30 ലക്ഷം ഉപയോഗിച്ച് കടവാന്തോട് കുടുംബ ട്രസ്റ്റിന്റെ ആരംഭിച്ച തനത് കുടിവെള്ള പദ്ധതി സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജനവാസമുള്ള വീടുകള്‍ക്ക് സമീപത്തെ റോഡുകളുള്‍പ്പടെയുള്ള പൊതു മുതല്‍ സംരക്ഷിക്കേണ്ടത് പരിസരവാസികളുടേയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പല പല റോഡുകളും പരിസരവാസികളായ വീട്ടുകാര്‍ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളം കെട്ടിക്കിടന്നും മറ്റുമാണ്. പിന്നീട് ഭാരമേറിയ വാഹനങ്ങള്‍ പോകുന്നതോടെ മണ്ണിളകിയും താഴ്ന്നുമാണ് പല റോഡുകള്‍ക്കും നാശം സംഭവിക്കുന്നതെന്നും എം.പി അഭിപ്രായപ്പെട്ടു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 2015 ല്‍ കടവാന്തോട് കുടുംബ ട്രസ്റ്റ് സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച കിണര്‍ പൊതുജനാവശ്യത്തിനു വിട്ടുകൊടുത്തതോടെ സി.എന്‍.ജയദേവന്‍ എം.പിയുടെ പ്രദേശ വികസന ഫണ്ട് ഉപയോഗിച്ചാണ് ജലസംഭരണിയും ജലവിതരണത്തിനായി പൈപ്പിടലും പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ശുദ്ധജല സംസ്‌കരണത്തിനുള്ള വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍ ആദ്യമായാണ് ഇത്തരം പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. കുരഞ്ഞിയൂര്‍ മേഖലയില്‍ ശുദ്ധജല വിതരണമെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിജയം കാണാതായതോടെ നിരവധി വര്‍ഷങ്ങളായി മേഖലയിലെ സാധാരാണക്കാരയ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലായിരുന്നു.
കടലിലെ ഉപ്പു ജലം കനോലി കനാലിലൂടെ വയലുകളിലേക്കും ശുദ്ധജല സ്രോതസ്സുകളിലേക്കുമെത്തിയതിനാല്‍ കുരഞ്ഞിയൂര്‍ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ ദീര്‍ഘദൂരം നടന്നും ടാങ്കര്‍ വണ്ടികളില്‍ പണം നല്‍കിയുമാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. മേഖലയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായി നേരിടുന്ന 68 കുടംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ പദ്ധതിക്കാകും. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ നാട്ടുകാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്ത്, ജില്ലാ പഞ്ചായത്തംഗം ടി.എ. ഐഷ, ചാവക്കാട് ബി.ഡി.ഒ മോഹനന്‍ നായര്‍, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രന്‍, ബി.ജി.പി ജില്ലാ കമ്മിറ്റി അംഗം മോഹനന്‍ ഈച്ചിത്തറ, പുന്നയൂര്‍ പഞ്ചായത്തംഗങ്ങളായ സുഹറ ബക്കര്‍ ഷെമിം അഷറഫ്, എം.ബി. രാജേഷ്, കെ,.വി അബ്ദുല്‍ കരീം, ആശാ രവി, ജിസ്‌ന റനീഷ്, ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കടവാന്‍തോട് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഖ്ത്തര്‍ അഹമ്മദ് സ്വാഗതവും എ.പി.എം കാസിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."