പ്ലാസ്റ്റിക് കവറിന് ബദല്‍ ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ സജീവമാകണം: കലക്ടര്‍
കൊല്ലം: ജില്ലയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് ബദലായ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും കുടുബശ്രീ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക്കിന് പകരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച കുടുംബശ്രീ സ്വയം സഹായസംഘ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. നിരോധനംകൊണ്ടു മാത്രം പ്ലാസ്റ്റിക് ഒഴിവാക്കാന്‍ കഴിയില്ല. ഇതിന് ഫലപ്രദവും പ്രായോഗികവുമായ ബദലുകള്‍ അനിവാര്യമാണ്. തുണിസഞ്ചികള്‍, പേപ്പര്‍ കവറുകള്‍ തുടങ്ങിയവയുടെ നിര്‍മാണ യൂനിറ്റുകള്‍ കുടുംബശ്രീ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ആരംഭിക്കണം.
പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് വരുമാനമുണ്ടാക്കാന്‍ സംഘങ്ങള്‍ക്ക് കഴിയണം. പ്ലാസ്റ്റിക് കവര്‍ നിരോധനത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാകണം.
ആകര്‍ഷണീയമായ ബദല്‍ ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണം.
ഹരിത കേരളം മിഷനില്‍ ജില്ലയില്‍ 74 തദ്ദേശ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 1431 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികളിലൂടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കണം.
മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന് പ്ലാസ്റ്റിക് പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഒഴിവാക്കി എല്ലാ ചടങ്ങുകളിലും സ്റ്റീല്‍, ഗ്ലാസ്സ്, കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രചരണം സജീവമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പ്ലാസ്റ്റിക്കിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ വിശദീകരിച്ചു.
കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ എ മുഹമ്മദ് അന്‍സാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു.ആര്‍ ഗോപകുമാര്‍, പ്രോഗ്രാം ഓഫിസര്‍ എ. ഷാനവാസ്, മുഹമ്മദ് ഷമീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."