നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍ (കണ്ണൂര്‍): തമിഴ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനു പിറക് വശത്തെ കെ.ആര്‍.എസ് ഗോഡൗണിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.ടി ബേബിരാജിനെ (27) ആണ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒന്‍പതിനു പുലര്‍ച്ചെ 1.15ഓടെയായിരുന്നു പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തെ പാര്‍ക്കിങ് കേന്ദ്രത്തില്‍ തമിഴ് നാടോടികളായ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന ബാലികയുടെ മാതാപിതാക്കളും മറ്റു നാടോടികളും ചേര്‍ന്നാണു കുട്ടിയെ പീഡനത്തില്‍ നിന്നു രക്ഷപ്പെടുത്തിയത്. പീഡനശ്രമം നടന്നത് പുറത്തു പറയാതിരിക്കാനും പൊലിസില്‍ പരാതിപറയാതിരിക്കാനും പയ്യന്നൂരിലെ അഭിഭാഷകന്‍ മുഖേന 50,000 രൂപയുടെ ചെക്ക് ബാലികയുടെ പിതാവിനു കൈമാറിയിരുന്നു. എന്നാല്‍ ബാലികയുടെ മാതാപിതാക്കളും ബന്ധുക്കളും പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പീഡനശ്രമം മാധ്യമങ്ങളില്‍വന്നതോടെ പ്രതിയായ ബേബിരാജ് സ്ഥലംവിട്ടു. സേലത്തെത്തിയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്തുടര്‍ന്നിരുന്നു. മാതാവിനെയും സഹോദരനെയും ഫോണിലൂടെ ബന്ധപ്പെട്ട പ്രതി കണ്ണൂരില്‍ ട്രെയിനിറങ്ങി വരുമ്പോഴാണു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പിടികൂടിയത്. സംഭവം മറച്ചുവയ്ക്കാനും ഒത്തുതീര്‍പ്പിനും ശ്രമിച്ചതിന് അഭിഭാഷകന്‍ ശശിധരന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കേസില്‍ പ്രതിചേര്‍ത്തിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പീഡന ശ്രമത്തിനിരയായ ബാലികയെയും സഹോദരിയെയും കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."