'എല്ലൊടിഞ്ഞ് ' മെഡി. കോളജിലെ അസ്ഥിരോഗ വിഭാഗം; ആധുനിക നിലയിലുള്ള അസ്ഥിരോഗ വിഭാഗം ഒരുക്കണമെന്ന ആവശ്യം ശക്തം
ചേവായൂര്‍: മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. വാര്‍ഡിലും വരാന്തയിലുമായി നിറഞ്ഞുകിടക്കുന്ന രോഗികള്‍ അസ്ഥിരോഗ വിഭാഗത്തിന്റെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്.
രോഗികള്‍ക്കു കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണിവിടെ. ആവശ്യത്തിനു നഴ്‌സുമാരോ നല്ല സ്‌ട്രെക്ചറുകളോ ട്രോളികളോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ ശുചിമുറികളോ ഇല്ല.
10, 24, 37 വാര്‍ഡുകളാണ് അസ്ഥിരോഗ വിഭാഗത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 10, 37 വാര്‍ഡുകള്‍ പുരുഷന്‍മാരുടേതാണ്. സ്ത്രീകള്‍ക്കായുള്ള അസ്ഥിരോഗ വിഭാഗത്തിന്റെ ഏക വാര്‍ഡായ 24 ഏറെ ദുരിതപൂര്‍ണമായ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. 45 മുതല്‍ 50 വരെ രോഗികള്‍ക്ക് കിടക്കാന്‍ സൗകര്യമുള്ള വാര്‍ഡില്‍ വരാന്തയിലും വാര്‍ഡിലുമായി കിടക്കുന്നത് 150ഓളം രോഗികളാണ്.
ഇവരെ പരിചരിക്കാന്‍ ഉള്ളതാവട്ടെ ഒന്നോ രണ്ടോ നഴ്‌സുമാര്‍ മാത്രം. കുത്തിവയ്ക്കാനും മരുന്നു നല്‍കാനും രോഗികളുടെ അടുത്തെത്താന്‍ നഴ്‌സുമാര്‍ പാടുപെടുകയാണ്.
എല്ലാ രോഗികളുടെയും അടുത്ത് യഥാസമയം ഓടിയെത്താന്‍ കഴിയാത്തത് കാരണം പലപ്പോഴും നഴ്‌സുമാരുമായി തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. തുടയെല്ലിനും നട്ടെല്ലിനും ക്ഷതമേറ്റതിനാല്‍ തറയില്‍ കിടക്കാനാകാത്ത രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്കു വന്ന ട്രോളിയില്‍ ബെഡ് ലഭിക്കുന്നതു വരെ കിടക്കും. ഇത് മുന്‍കൂട്ടി അറിയുന്ന സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ പാസ് അടക്കമുള്ള രേഖകള്‍ ട്രോളി തിരിച്ചു കൊണ്ടുവരുന്നതു വരെ അത്യാഹിത വിഭാഗത്തില്‍ തന്നെ പിടിച്ചുവയ്ക്കുന്നത് പതിവാണ്. ഇതു രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കു വലിയ പ്രയാസമാണുണ്ടാക്കുന്നത്.
വരാന്തയുടെ ഇരു ഭാഗത്ത് തറയിലും കട്ടിലിലുമായി രോഗികള്‍ കിടക്കുന്നതു കാരണം ആളുകള്‍ക്ക് വഴി നടക്കാനോ ട്രോളി തള്ളിക്കൊണ്ടു പോകാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. വാര്‍ഡിലുള്ള വീല്‍ചെയറുകളും സ്‌ട്രെക്ചറുകളും മിക്കതും പ്രവര്‍ത്തനരഹിതമായിട്ടുണ്ട്.
രോഗികളുടെ ആധിക്യം കാരണം പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറിക്കും കുളിമുറിക്കും മുന്നില്‍ രാവിലെ നീണ്ടവരിയില്‍ നില്‍ക്കണം. പുരുഷന്മാരുടെ വാര്‍ഡായ 37ന്റെ അവസ്ഥയും സമാന രീതിയിലാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ദിനംപ്രതി അപകടമുള്‍പ്പെടെ അസ്ഥിക്ക് ക്ഷതമേറ്റ് അറുപതിനും എഴുപത്തിനും ഇടയില്‍ ആളുകള്‍ ചികിത്സതേടി എത്തുന്നുണ്ട്. ഇത്രയും രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യം ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിനില്ല. അതിനാല്‍ അടിയന്തരമായി ആധുനിക നിലയിലുള്ള അസ്ഥിരോഗ വിഭാഗം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."