ദേശീയ പഞ്ചഗുസ്തി: ഷിജുവിന് വെങ്കലം
കീഴല്ലൂര്‍: നിശ്ചയദാര്‍ഡ്യം മാത്രം കൈമുതലായ യുവാവിന് പഞ്ചഗുസ്തി മത്സരത്തില്‍ ശ്രദ്ധേയ നേട്ടം. കീഴല്ലൂര്‍ പാലയോട്ടെ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകന് എം.എം ഷിജുവാണ് ലക്നൗവില്‍ നടന്ന 42ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കലം നേടിയത്.
പാലയോട്ടെ സാധാരണ കുടുംബത്തില്‍ ജനിച്ച ഷിജുവിന് ഇടതു കൈക്ക് സ്വാധീനക്കുറവുണ്ട്. തേപ്പ് ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
ലക്നൗവില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ജനറല്‍ വിഭാഗത്തിലാണ് പരിമിതികളെ മറികടന്ന് നേട്ടം കൊയ്തത്. 20 വര്‍ഷം വരെ പരിശീലനം നേടിയ മികവുമായി എത്തിയ മത്സരാര്ഥികളും ഷിജു പരാജയപ്പെടുത്തിയവരില്‍ ഉള്‍പ്പെടും. ഇതോടെ രണ്ടുമാസം കഴിഞ്ഞ് തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഷിജു അര്‍ഹത നേടി.
തൃശ്ശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പഞ്ചഗുസ്തി മത്സരത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സംസ്ഥാനതലത്തിലെ കമ്പവലി താരങ്ങളില്‍ മികച്ച ഏഴാം നമ്പര്‍ താരം കൂടിയാണ് മനക്കരുത്തിന്റെ പര്യായമായ ഷിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."