എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗം: മെഡിക്കല്‍ ക്യാംപ് ഏപ്രില്‍ ആദ്യവാരം
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാംപ് ഏപ്രില്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ നടക്കുമെന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചീമേനി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 652 രോഗികളെയും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 666 രോഗികളെയും പെര്‍ഡാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 885 രോഗികളെയും ബോവിക്കാനം സി.എ.ആര്‍.എം സ്‌കൂളില്‍ 905 രോഗികളെയും പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1358 രോഗികളെയും പരിശോധിക്കും. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തയാറാക്കിയ പട്ടിക ഉള്‍പ്പെടെ 4466 രോഗികളെയാണ് 45 വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം പരിശോധിക്കുക. മാര്‍ച്ച് ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മെഡിക്കല്‍ ക്യാംപ് വിദ്യാലയങ്ങളില്‍ പരീക്ഷ നടക്കുന്നതിനാലാണ് ഏപ്രിലിലേക്കു മാറ്റിയതെന്നു മന്ത്രി പറഞ്ഞു.
രണ്ടു മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരുമെന്നും തീരുമാനങ്ങള്‍ സമയബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികയിലുള്‍പ്പെടാത്ത പുതിയ രോഗികളെ ക്യാംപില്‍ പരിശോധിക്കുകയില്ല. അടിയന്തിര ചികിത്സ ആവശ്യമുള്ള ദുരിതബാധിതരെ പ്രത്യേകം പരിഗണിക്കും.നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട വലിയ പദ്ധതികള്‍ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാകാത്ത സാഹചര്യത്തില്‍ പദ്ധതി കാലാവധി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, ബഡ്‌സ് സ്‌കൂളുകള്‍, നീലേശ്വരം താലൂക്ക് ആശുപത്രി തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇതാവശ്യമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എം പാനല്‍ പട്ടകയിലുള്‍പ്പെട്ട മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് വര്‍ധിപ്പിക്കുന്നത് പരിശോധിക്കാന്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തും. ദുരിതബാധിതരുടെ ചികിത്സാചെലവിന് അഞ്ചു കോടി രൂപ കൂടി ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കാനും സെല്‍ യോഗം തീരുമാനിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ രോഗികള്‍ക്കും ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പ്രത്യേക ഉത്തരവിറക്കുന്നതിനു സര്‍ക്കാരിനെ സമീപിക്കും. ഇതു സംബന്ധിച്ചു നേരത്തെയുളള ഉത്തരവ് പ്രകാരം റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിന് അനുമതി തേടും.
മരണമടഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശ്രിതര്‍ക്കു ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് സെപ്റ്റംബര്‍ 26 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ ജപ്തി നോട്ടിസ് അയയ്ക്കുന്നതായുളള പരാതികള്‍ പരിഹരിക്കും.
അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വിര്യമാക്കുന്നതിന് എറണാകുളം ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിനെ സമീപിച്ചിരുന്നുവെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നിര്‍വീര്യമാക്കുന്നതിന് മുമ്പു സുരക്ഷിതമായി പുതിയ ബാരലിലേക്കു മാറ്റുമെന്ന് കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ കെ ജീവന്‍ബാബു, മുന്‍മന്ത്രി സി.ടി അഹമ്മദലി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഫാത്തിമത്ത് താഹിറ (കുമ്പഡാജെ), എം ലത (ബെളളൂര്‍), കെ.എന്‍ കൃഷ്ണഭട്ട് (ബദിയടുക്ക), ജി സ്വപ്ന (കാറഡുക്ക), ഖാലിദ് ബെള്ളിപ്പാടി(മുളിയാര്‍), പി.ജി മോഹനന്‍ (പനത്തടി), പി ദാമോദരന്‍ (അജാനൂര്‍), കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍ രവീന്ദ്രന്‍, ഫിനാന്‍സ് ഓഫിസര്‍ പി.വി നാരായണന്‍, എന്‍.എച്ച്. എം പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ഡോ. രൂപാസരസ്വതി, അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പില്‍, എം.സി ഖമറുദ്ദീന്‍, പ്രമീള സി നായിക്, അഡ്വ. എ ഗോവിന്ദന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജേര്‍ജ്ജ് പൈനാപ്പിളളി, നാഷണല്‍ അബ്ദുല്ല, എ കുഞ്ഞിരാമന്‍ നായര്‍, പി.കെ രമേശന്‍, ഹമീദ് മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."