ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പരാതി
കൊച്ചി: ദുബൈയില്‍ ഷിപ്പിലും റിഗ്ഗിലുമായി ജോലി ശരിയാക്കി തരാമെന്നു വാഗ്ദാനം നടത്തി സഹോദരന്മാരായ സംഘം കോടികള്‍ തട്ടിയതായി പരാതി. പുതുവൈപ്പ് സ്വദേശികളായ ജയന്തന്‍, അനില്‍കുമാര്‍, ജയന്തന്റെ ഭാര്യ ഷീജ, അനില്‍കുമാറിന്റെ ഭാര്യ സരസ്വതി എന്നിവര്‍ ചേര്‍ന്നാണ് പണം വാങ്ങിയ ശേഷം തങ്ങളെ കബളിപ്പിച്ചതെന്നു ഇരയായവരുടെ സംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014 ഒക്ടോബര്‍ മുതലാണു വിവിധയാളുകളില്‍നിന്നു പണം വാങ്ങിയിട്ടുള്ളത്. റിഗ്ഗിലെ ജോലിക്കായി ആറര ലക്ഷവും ഷിപ്പിലെ ജോലിക്കായി നാലു ലക്ഷവുമാണ് റീത്ത മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ വാങ്ങിയത്.
തുക കൈപ്പറ്റിയ ശേഷം ജോലിക്കു വേണ്ടി ചില കോഴ്‌സുകള്‍ പഠിക്കാന്‍ നിര്‍ദേശിക്കുകയും മുംബൈയില്‍ ഒന്നര വര്‍ഷത്തോളം താമസിക്കേണ്ടിയും വന്നു. എല്ലാം ശരിയായിട്ടുണ്ടെന്നും വീട്ടിലേക്കു മടങ്ങിക്കൊള്ളാനും വിസ വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ മുംബൈയില്‍ നേരത്തേ പോയ സ്ഥാപനത്തില്‍ ചെന്നപ്പോള്‍ അതു പൂട്ടിക്കിടക്കുകയായിരുന്നു. ഇതോടെ പറ്റിക്കപ്പെട്ടതാണെന്നു മനസിലായതോടെ പൊലീസിനു പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇരയാക്കപ്പെട്ടവര്‍ പറയുന്നു. റീത്ത മാനേജ്‌മെന്റ് കബളിപ്പിച്ച 20 പേരോളം ആളുകളെ ഇപ്പോള്‍ കണ്ടെത്താനായിട്ടുണ്ട്. അതിലുമേറെ പേര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണു പരാതിക്കാര്‍ പറയുന്നത്.
എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് ഞാറയ്ക്കല്‍ എസ്.ഐ ആര്‍ രജീഷ്‌കുമാര്‍ പറഞ്ഞു. അനില്‍കുമാര്‍ ആണ് പ്രതിയെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളെ പൊലിസ് അന്വേഷിക്കുകയാണെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും എസ്.ഐ പറഞ്ഞു. പൊലിസ് നടപടിയെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്നു ഞാറയ്ക്കല്‍ സി.ഐ എ.എ അഷറഫും വ്യക്തമാക്കി. നേരത്തേ, മറ്റൊരാളുടെ പരാതിയില്‍ റീത്ത മാനേജ്‌മെന്റ് ഉടമകള്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍, അന്ന് അത് ഒത്തുത്തീര്‍പ്പായി ഹൈക്കോടതിയിലെത്തി എഫ്.ഐ.ആര്‍ അവസാനിപ്പിക്കുകയായിരുന്നു. സനീഷ് എന്നയാളുടെ പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."