പ്രണയം നടിച്ച് യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് പിടിയില്‍
കൊച്ചി: പ്രണയം നടിച്ചു യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് അറസ്റ്റില്‍. ചേര്‍ത്തല താലൂക്ക് എഴുപുന്ന പോസ്റ്റില്‍ കാരിക്കാത്ത് വീട്ടില്‍ ഇപ്പോള്‍ അരൂര്‍ അരമുറിപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന വിജേഷി(33)നെയാണു എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സിബി ടോം അറസ്റ്റ് ചെയ്തത്.
ചെല്ലാനം-കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡോര്‍ ചെക്കറാണു പ്രതി. പ്രതി ജോലിചെയ്യുന്ന ബസില്‍ സ്ഥിരം യാത്ര ചെയ്തിരുന്ന യുവതി നല്കിയ പരാതിയിലാണു പൊലിസ് കേസെടുത്തത്. യുവതിയോടു പ്രേമം നടിക്കുകയും അവിവാഹിതനാണെന്നും വിവാഹം ചെയ്തു കൊള്ളാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു പ്രതി. യുവതിയുമായി അടുപ്പത്തിലായ പ്രതി യുവതിയുമായി ഒന്നിച്ചുള്ള ഫോട്ടോ മൊബൈലില്‍ എടുത്തു. പ്രതിയുടെ മൊബൈലില്‍ വിജേഷുമൊന്നിച്ചുള്ള മറ്റു സ്ത്രീകളുടെ ഫോട്ടോകള്‍ കണ്ടപ്പോഴാണു യുവതി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
പ്രതിയുമായി യുവതി അകന്നുമാറിയപ്പോള്‍ ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്നു ഫോട്ടോകള്‍ ഗ്രൂപ്പികളിലിടുമെന്നു പറഞ്ഞു യുവതിയെ ഭീഷണിപ്പെടുത്തി പല തവണകളിലായി 50,000 രൂപയോളം പ്രതി തട്ടിയെടുത്തു.
യുവതിയെക്കൊണ്ടു എ.സി, ടി.വി. തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്രതി വാങ്ങിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി യുവതിയോടു കൂടെചെല്ലാന്‍ പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തി. ഇതിനെതുടര്‍ന്നു യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പനങ്ങാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തൃക്കാക്കര എ.സി.പിയുടെ നിര്‍ദേശാനുസരണം കേസന്വേഷണം എറണാകുളം സൗത്ത് പൊലിസ് ഇന്‍സ്പെക്ടര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വീട്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു.
കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലിസ് കോടതിയില്‍ അപേക്ഷ നല്കി. അന്വേഷണ സംഘത്തില്‍ എറണാകുളം സൗത്ത് പൊലിസ് ഇന്‍സ്പെക്ടര്‍ സിബി ടോം, എ.എസ്.ഐ. ശിവന്‍കുട്ടി, സീനിയര്‍ സി.പി.ഒ. അനില്‍കുമാര്‍, സി.പി.ഒ. അനില്‍കുമാര്‍ എന്നിവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."