സൗജന്യ നിരക്കില്‍ കോഴ്‌സുകളേറെ കൗശല്‍ കേന്ദ്രങ്ങള്‍ ചോദിക്കുന്നു; പഠിക്കുവാന്‍ ആളെ തരുമോ
കോഴിക്കോട്: തൊഴില്‍ വകുപ്പിന് കീഴില്‍ മൂന്ന് ജില്ലകളില്‍ ആരംഭിച്ച കൗശല്‍ കേന്ദ്ര ഇങ്ങനെ പോയാല്‍ ഉടനെ അടച്ചു പൂട്ടേണ്ടി വരും. കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ഥികള്‍ എത്തുന്നില്ല. ഒരു വര്‍ഷം കൊണ്ടാകും ഈ അധോഗതി. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുക ഈടാക്കുന്ന പല കോഴ്‌സുകളും സൗജന്യ നിരക്കില്‍ നല്‍കുന്നുവെങ്കിലും ഉദ്യോഗാര്‍ഥികളില്ലാതെ നിലച്ചുപോകുന്ന അവസ്ഥയിലാണ് ഈ കേന്ദ്രങ്ങള്‍.
പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായാണ് 2015 സപ്തംബറില്‍ കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തുറന്നത്. എന്നാല്‍ അപേക്ഷകരില്ലാത്തതിനാല്‍ പല കോഴ്‌സുകളും വെട്ടിച്ചുരുക്കി.
ഒരു വര്‍ഷം പിന്നിട്ടെങ്കിലും കേന്ദ്രത്തെകുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലെന്നതാണ് പ്രധാന കാരണം. കോഴിക്കോട് പബ്ലിക് ലൈബ്രറിയിലും കൊല്ലം ചവറയിലും പാലക്കാട് കൂറ്റനാടുമായാണ് മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നാലു മേഖലകളിലായി വിവിധ നൈപുണ്യ പരിശീലനങ്ങളാണ് കേന്ദ്രത്തില്‍ ലഭ്യമാകുന്നത്. അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തെ മികച്ച വായനശാലകളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നീ സൗകര്യങ്ങള്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകളുമുണ്ട്. ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താമെന്നിരിക്കെ അപേക്ഷകരില്ലാത്തതിനാല്‍ പല കോഴ്‌സുകളും ഒഴിവാക്കുകയാണ്.
നാലോളം ഭാഷകളില്‍ പ്രാവീണ്യം നേടാനുതകുന്ന ലാംഗ്വേജ് ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇംഗ്ലിഷ് ഭാഷയ്ക്ക് മാത്രമേ അപേക്ഷകള്‍ വരുന്നുള്ളൂ. ഇത്കാരണം മറ്റു ഭാഷകള്‍ ഒഴിവാക്കേണ്ടി വന്നതായി കോഴിക്കോട് കേന്ദ്രത്തിലെ മാനേജര്‍ അശ്വതി ആന്‍ പൗലോസ് സുപ്രഭാതത്തോട് പറഞ്ഞു.
ലോകോത്തര ലൈബ്രറികളുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയിരുന്നു. അതും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ മുതല്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതികളുമായാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ഇംഗ്ലിഷ് ഭാഷാ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, നൈപുണ്യ നിര്‍ണയം എന്നിവയെ ഏകോപിപ്പിച്ച് രണ്ടു മാസം നീളുന്ന പാഠ്യപദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. ബാങ്ക് കോച്ചിംഗ് നല്‍കാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."