നടിയെ തട്ടിക്കൊണ്ടുപോകല്‍: അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സഹായിച്ച കൊച്ചിയിലെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ ഇന്നലെ ഒന്നര മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തു. അഭിഭാഷകന്‍ നല്‍കിയ വിവരങ്ങള്‍ തൃപ്തികരമല്ലെന്നും ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിച്ചില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അഭിഭാഷകനെ കേസില്‍ പ്രതിയാക്കുന്ന കാര്യം പൊലിസിന്റെ പരിഗണനയിലാണ്.
പള്‍സര്‍ സുനിക്ക് വക്കാലത്ത് എടുക്കാന്‍ ആരാണ് ആവശ്യപ്പെട്ടതെന്ന് കണ്ടെത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. അഭിഭാഷകന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് എടുത്ത പൊലിസ് ഈ ലിസ്റ്റില്‍ പേരുള്ളവര്‍ ആരൊക്കെയാണെന്നും എന്തിന് വേണ്ടിയാണ് ഇവര്‍ ഫോണില്‍ വിളിച്ചതെന്നും അന്വേഷിച്ചിരുന്നു. പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും നാല് സിംകാര്‍ഡുകളും മെമ്മറി കാര്‍ഡുമടങ്ങുന്ന ബാഗ് വക്കീല്‍ ഓഫിസ് വരാന്തയില്‍ നിന്ന്് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതാണ് ഈ ഫോണ്‍ എന്നാണ് സൂചന. പള്‍സര്‍ സുനിയുടെ ബാഗിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടാണ് അഭിഭാഷകന്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."