ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്: പ്രവാസി കമ്മീഷന്‍ നടപടി സ്വാഗതാര്‍ഹമെന്ന് യാത്ര സമിതി
മനാമ: മാനദണ്ഡങ്ങളില്ലാതെ ഗള്‍ഫ് യാത്രാ നിരക്ക് അടിക്കടി വര്‍ധിപ്പിക്കുകയും സീസണുകളില്‍ ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതക്കെതിരെ പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. ഭവദാസന്‍ പ്രഖ്യാപിച്ച നിയമ നടപടികള്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും ഇത്തരം ഒരു ആലോചന തന്നെ പ്രവാസി സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്നും യാത്ര അവകാശ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.
കമ്മീഷന്റെ മുഖ്യ അജണ്ടയിലെ ആദ്യത്തെതു വിമാനനിരക്കാണ് എന്നത് സ്വാഗതം ചെയ്യുന്നതായും യാത്ര സമിതി അറിയിച്ചു. അടുത്തിടെ ബഹ്‌റൈന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒട്ടേറെ ജനപ്രതിനിധികള്‍ക്ക് ഇതു സംബന്ധിച്ച് യാത്ര സമിതി നിവേദനം നല്‍കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പരാതികളില്‍ പരിഹാരം കാണാനുള്ള സിവില്‍ കോടതിയുടെ അധികാരങ്ങളുള്ള പ്രവാസി കമ്മീഷന്‍ , മലയാളി പ്രവാസി സമൂഹത്തിനു ആശ്വാസമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും യാത്ര സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."